കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്ന ശീലം ഭാവിയില്‍ കാഴ്ച നഷ്ടപ്പെടാന്‍ കാരണമായേക്കാം. കണ്ണുകള്‍ അമര്‍ത്തി തിരുമ്മുമ്പോള്‍ മൃദുവായ ടിഷ്യൂകള്‍ക്ക് നാശമുണ്ടാവുകയും ഇത് നേത്രപടലത്തിന്റെ ആകൃതിമാറ്റം അല്ലെങ്കില്‍ ‘കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം. കൂടാതെ കണ്ണുകള്‍ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികള്‍ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചില്‍ എന്നിവയിലേക്കും നയിക്കാം. കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും കാരണമായേക്കാം. കൈകള്‍ കണ്ണില്‍ തൊടുന്നതിന് മുന്‍പ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കില്‍ വശങ്ങളില്‍ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകള്‍ നേരിട്ട് തിരുമ്മാന്‍ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതുമാണ് ശരിയായ രീതി. കണ്ണുകളുടെ വശങ്ങളില്‍ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഐ ഡ്രോപ്‌സ് ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്നും വിദഗ്ധര്‍ പറയുന്നു.