മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബമ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ് ‘രോമാഞ്ചം’. നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇപ്പോള്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കോടി രൂപയില്‍ താഴെയാണ് മുതല്‍മുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താന്‍ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് നിന്ന് ഇതുവരെയുള്ള കലക്ഷന്‍ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തില്‍ 9 പുതിയ സിനിമകള്‍ റിലീസ് ചെയ്തെങ്കിലും രോമാഞ്ചത്തിന്റെ ബോക്സ് ഓഫിസ് കലക്ഷനെ അത് ബാധിക്കില്ലെന്നാണ് തിയറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സൗബിന് ഷാഹിര്‍, അര്ജുന് അശോകന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന് രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറര്‍ കോമഡി ത്രില്ലറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിന് ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സിനായി വന്‍ ബാനറുകളാണ് എത്തുന്നത്.