ജീപ്പിന്റെ പുതു തലമുറ റെനഗേഡ് എസ്യുവി ഇന്ത്യയിലേക്ക് എത്തുന്നു. 2027ന് മുമ്പായി റെനഗേഡ് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോസ്റ്റ് എഫക്ടീവ് പ്ലാറ്റ്ഫോമിലാണ് പുതു തലമുറ ജീപ് റെനഗേഡ് എത്തുക. സിട്രോണ്‍ സിഎംപി പ്ലാറ്റ്ഫോമായിരിക്കും സ്റ്റെല്ലാന്റിസ് ജീപിനായി ഉപയോഗിക്കുകയെന്നാണ് സൂചനകള്‍. പ്ലാറ്റ്ഫോം പങ്കുവെക്കുന്നതുവഴി സ്റ്റെല്ലാന്റിസിനു കീഴിലെ ജീപിനും സിട്രോണിനും പല നേട്ടങ്ങളുമുണ്ട്. നിര്‍മാണ ചിലവ് കുറക്കാനാവുമെന്നതാണ് ഇതില്‍ പ്രധാനം. 15 ലക്ഷം രൂപ മുതല്‍ തന്നെ പുതു തലമുറ റെനഗേഡ് ഇന്ത്യയില്‍ ലഭ്യമായേക്കും. പുത്തന്‍ റെനഗേഡ് ഇലക്ട്രിക് മോഡലാണ്. 4.2 മീറ്റര്‍ നീളമുള്ള റെനഗേഡിന് നാലു മീറ്ററില്‍ കുറവു വലിപ്പമുള്ള വാഹനമെന്ന നിലയിലുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇപി6ഡിടി 1.6 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് റെനഗേഡില്‍ സാധ്യത കൂടുതല്‍. പിഎസ്എയും ബിഎംഡബ്ല്യുവും ചേര്‍ന്നു നിര്‍മിക്കുന്ന പ്രിന്‍സ് എന്‍ജിനുകളില്‍ പെട്ടതാണിത്. 150എച്ച്പി, 180 എച്ച്പി കരുത്തു പ്രതീക്ഷിക്കാം. പെട്രോള്‍ സി5 എയര്‍ക്രോസിലും സ്റ്റെല്ലാന്റിസിന്റെ പല വിദേശ മോഡലുകളിലും ഇപ്പോള്‍ തന്നെ 180 എച്ച്പി വകഭേദമുണ്ട്.