റിലയന്‍സ് ജിയോ പുതിയ രണ്ട് ഫോര്‍ ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്. 1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 14 ജിബി ഇന്റര്‍നെറ്റ് ഡേറ്റയുമാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ആയിരം എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോര്‍ ചെയ്യാം. പുതിയ ഡിസൈനില്‍ വരുന്ന ഫോണ്‍ 23 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്. 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്പോര്‍ട്സ് പരിപാടികളും ആസ്വദിക്കാം. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിയോ പേ ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സാധിക്കും.