പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍പ്പെട്ട ചുവന്ന വെളിച്ചം ഒരു വ്യക്തിയുടെ പിന്‍ ഭാഗത്ത് 15 മിനിട്ട് അടിച്ചാല്‍ അത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. ജേണല്‍ ഓഫ് ബയോഫോട്ടോണിക്‌സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ഇഞ്ചക്ഷനുകളോ മരുന്നുകളോ ആവശ്യമില്ലാത്ത ഈ ചികിത്സ ഭക്ഷണശേഷമുള്ള പ്രമേഹനിയന്ത്രണത്തില്‍ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ സിറ്റി യൂണിവേഴ്‌സിറ്റി സീനിയര്‍ ലക്ച്ചറര്‍ മൈക്കിള്‍ പൗനര്‍ ചൂണ്ടിക്കാണിക്കുന്നു. ചുവന്ന വെളിച്ചത്തിന്റെ രോഗം സുഖപ്പെടുത്താനുള്ള ശേഷി അര്‍ബുദം, വിഷാദരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളില്‍ ഇതിന് മുന്‍പ് പരീക്ഷിച്ചിട്ടുണ്ട്. ആരോഗ്യവാന്മാരായ 30 പേരിലാണ് 670 നാനോ മീറ്റര്‍ ചുവന്ന വെളിച്ചം ഉപയോഗിച്ചുള്ള പുതിയ പഠനം നടത്തിയത്. ഇവര്‍ പ്രമേഹമുള്ളവരോ ഏതെങ്കിലും മരുന്ന് കഴിക്കുന്നവരോ അല്ല. ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഗവേഷണത്തിന്റെ തുടക്കത്തില്‍ എല്ലാവരും ഫാസ്റ്റിങ് ഓറല്‍ ഗ്ലൂക്കോസ് ടെസ്റ്റ് എടുത്തു. കുറഞ്ഞത് 10 മണിക്കൂര്‍ നേരത്തേക്ക് വെള്ളം മാത്രം കുടിച്ച ഇവര്‍ക്ക് വെറും വയറ്റില്‍ 75 ഗ്രാം പഞ്ചസാരയുള്ള 5 ഔണ്‍സ് സിറപ്പ് നല്‍കി. തുടര്‍ന്നുള്ള രണ്ട് മണിക്കൂറില്‍ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഓരോ 15 മിനിട്ടിലും രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ മറ്റൊരു ഗ്ലൂക്കോസ് പരിശോധനയും നടത്തി. ഇത്തവണ ഒരു സംഘത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ പുറം ഭാഗത്ത് 670 നാനോമീറ്റര്‍ ചുവന്ന വെളിച്ചം 15 മിനിട്ടത്തേക്ക് അടിപ്പിച്ചു. ഇതില്‍ നിന്ന് ചുവന്ന വെളിച്ചം അടിച്ച സംഘത്തില്‍പ്പെട്ടവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കോസ് എടുത്തതിന് ശേഷം 28 ശതമാനം കുറഞ്ഞെന്നും പരമാവധി ഗ്ലൂക്കോസ് ഉയര്‍ച്ച 7.5 ശതമാനം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഏറ്റവും ഉയര്‍ന്ന പഞ്ചസാരയുടെ തോതും ഇവര്‍ക്ക് പ്ലാസെബോ സംഘത്തെ അപേക്ഷിച്ച് 12 ശതമാനം കുറവായിരുന്നു. പ്രമേഹം ഇല്ലാത്തവരില്‍ റെഡ് ലൈറ്റ് തെറാപ്പി ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തുമെന്ന് പഠനത്തില്‍ കണ്ടെത്തിയെങ്കിലും പ്രമേഹമുളളവരില്‍ ഇത് എപ്രകാരം പ്രവര്‍ത്തിക്കുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. പ്രത്യേക തരംഗദൈര്‍ഘ്യത്തിലുള്ള ചുവന്ന വെളിച്ചം അഡെനോസില്‍ ട്രൈഫോസ്‌ഫൈറ്റ് (എടിപി) എന്ന ന്യൂക്ലിയോടൈഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് വഴിയാണ് ഇത്തരം ഗുണങ്ങള്‍ ശരീരത്തിനുണ്ടാകുന്നതെന്ന് ഗവേഷണിപ്പോര്‍ട്ട് അനുമാനിക്കുന്നു. പ്രമേഹമുള്ളവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിശാലമായ പഠനത്തിലൂടെ മാത്രമേ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.