പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (2024 സെപ്റ്റംബര്‍ 26) ഉച്ചയ്ക്ക് 12ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ 340 ബിസിനസ് പ്രമോട്ടര്‍മാര്‍ക്ക് ധനമന്ത്രി നിയമന ഉത്തരവ് കൈമാറുന്നതോടെ കെഎസ്എഫ്ഇയുടെ ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ബിസിനസ് പ്രമോട്ടര്‍മാരുടെ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും. കെഎസ്എഫ്ഇയുടെ മേഖലാ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി 2400 ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് നിയമന ഉത്തരവ് നല്‍കുന്നത്. ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ അധ്യക്ഷത വഹിക്കും. ഡോ. സനില്‍ എസ്.കെ, കെ.എന്‍ ഗോപിനാഥ്, റീന ജോസഫ്, ഭദ്രകുമാരി എന്നിവര്‍ സംസാരിക്കും.