റിയല്‍മി പി4ആര്‍ ഫൈവ് ജി എന്ന പേരില്‍ ബാറ്ററി ഫ്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 8,000 എംഎഎച്ച് ശേഷിയുള്ള കൂറ്റന്‍ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോണിന്റെ കനം വെറും 8.8 മില്ലീമീറ്ററും ഭാരം 224 ഗ്രാമും മാത്രമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഫോണ്‍ മൂന്ന് ദിവസം വരെ തടസ്സമില്ലാതെ ഉപയോഗിക്കാം. കൂടാതെ, ഏഴ് വര്‍ഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ഹെല്‍ത്ത് 80 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എച്ഡി+ (1570ഃ720 പിക്സല്‍) റെസല്യൂഷനും, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണുള്ളത്. 400 ശതമാനം വരെ ശബ്ദം നല്‍കാന്‍ ശേഷിയുള്ള ഒരു സിംഗിള്‍ ലീനിയര്‍ സ്പീക്കറും ഇതിലുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 18,999 രൂപ മുതല്‍ 22,999 രൂപ വരെയാണ് വില. തുടക്കത്തില്‍ വാങ്ങുന്നവര്‍ക്ക് 2,000 കിഴിവ് ലഭിക്കും.
