night news hd

പുതുവല്‍സരത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും.ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. വിജ്ഞാപനം ഇറക്കുകയുമില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ശബരിമലപാതയലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്‍നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട റോഡിലും രണ്ടു കിലോമീറ്ററാണ് ഗതാഗത കുരുക്ക്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തത്.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമില്ലെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കരയില്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറെ ഉപരോധിച്ചു. കൊവിഡിന് മുമ്പുവരെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ഇടത്താവളങ്ങള്‍ പുനരാരംഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര്‍ ബുദ്ധിമുട്ടുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

ശബരിമല തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഭക്തരുടെ എണ്ണം 90000 ആക്കി നിയന്ത്രിക്കുന്നത് പ്രായോഗികമല്ല. ശബരിമലപാതയില്‍ ഗതാഗത നിയന്ത്രണമാണ്. അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പണ കേസില്‍ കേരള പോലീസ് എന്‍ഫോഴ്‌സമെന്റിനു വിവരം നല്‍കുന്നില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി പറഞ്ഞതിലൂടെ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്രത്തില്‍ സംഘിവത്ക്കരണം പോലെ കേരളത്തില്‍ മാര്‍ക്‌സിസ്റ്റുവതക്കരണമാണ്. ചാന്‍സലര്‍ പദവിയില്‍നിന്നു മാറാമെന്നു പറഞ്ഞ ഗവര്‍ണറെ നിര്‍ബന്ധപൂര്‍വം തുടരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. സര്‍വകലാശാലകളെയും മാര്‍ക്‌സിസ്റ്റവത്ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതക കേസില്‍ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദറിനു ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തില്‍ മൂന്നാം പ്രതി മാന്യയിലെ അര്‍ഷാദിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

ഇന്നു വൈകുന്നേരം രാജ്ഭവനില്‍ നടക്കുന്ന ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.

ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ ജാതി അധിക്ഷേപ കേസില്‍ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പ്രതികള്‍ ചോദ്യം ചെയ്യലിനു ഹാജരാകണം. നോട്ടീസ് നല്‍കി മാത്രമേ ഹാജരാകാന്‍ ആവശ്യപ്പെടാവൂ. പൊലീസ് ഹാരസ്‌മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

മഴ പാടശേഖരങ്ങളെ വെള്ളക്കെട്ടിലാക്കി. സംസ്ഥാനത്തെ ഏക്കര്‍കണക്കിനു നെല്‍കൃഷി വെള്ളത്തിനടിയിലായി. വെള്ളംഅതിവേഗം ഇറങ്ങിപ്പോയില്ലെങ്കില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടാകും.

കേസുകളില്‍നിന്നു മുക്തനായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ വൈകാതെ സിപിഎംതീരുമാനമെടുക്കും. സജി ചെറിയാനെതിരേ കേസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റി ഇന്നു തിരുവനന്തപുരത്തു ചേരുന്നുണ്ട്. തൃശൂരില്‍ കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാലാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്കു മാറ്റിയത്.

ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ വിമര്‍ശനാത്മകമായി മാത്രമാണു സംസാരിച്ചതെന്നും അവഹേളിച്ചില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ട്. സജി ചെറിയാനെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസ് തള്ളിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ മെറ്ററായിരുന്നു ജയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ വിജയനെ വ്യക്തിയെന്ന നിലയിലല്ല എക്‌സ്ട്രാ ലോജിക്കിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് താന്‍ അന്ന് പരാമര്‍ശിച്ചത്. അന്നു താന്‍ പറഞ്ഞത് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. ഇനി പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ സമ്മേളനം തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. സമ്മേളനം 16 നു സമാപിക്കും. സമ്മേളനത്തിനു ഫ്രാന്‍സില്‍നിന്ന് എത്തിയ രണ്ടു വനിതാ പ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞു മടക്കിയയച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141 അടിയായി. തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കി. 142 അടിയാണു പരമാവധി സംഭരണ ശേഷി. കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

സിറോ മലബാര്‍ സഭ എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജനുവരി 18 നു ഹാജരായാല്‍ മതിയെന്നു കാക്കനാട് മജിസ്‌ട്രേറ്റ് കോടതി.  ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്നാണ് അഭ്യര്‍ത്ഥന.

ആലപ്പുഴ ഭരണിക്കാവില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതിനു ഭര്‍ത്താവും മന്ത്രവാദിയും അടക്കമുള്ള സംഘം അറസ്റ്റില്‍. മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്‍, ഇമാമുദീന്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രിയാണ് അപകടം. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ സിനിമയ്ക്കു സീറ്റ് കിട്ടാത്തതിനു പ്രതിഷേധിച്ച മൂന്നു പേരെ പോലീസ് പിടികൂടി മര്‍ദിച്ചു കലാപക്കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു കേസെടുത്തത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമക്കു റിസര്‍വേഷന്‍ ഉണ്ടായിട്ടും സീറ്റു കിട്ടിയില്ലെന്നും  പ്രതിഷേധിച്ചതിനു പോലീസ് ഇടിച്ചു ചോരതുപ്പിച്ചെന്നുമാണ് പരാതി.

കണ്ണൂര്‍ ഏഴിലോട് ടാങ്കര്‍ ലോറി മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് ഡ്രൈവര്‍ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പാലക്കാട് നഗരത്തില്‍ ബസ് മോഷണം. കോട്ടമൈതാനത്തിന് അരികിലെ പെട്രോള്‍ പമ്പില്‍ രാത്രി പാര്‍ക്കു ചെയ്തിരുന്ന  ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമ.

ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്. സുരക്ഷാ പരിേശാധനയ്ക്കായി മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. വിമാനം പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നു യാത്രക്കാരോട് വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. .

തവാങ്ങിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നല്‍കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സഭയില്‍ പ്രസ്താവന നടത്തിയിരുന്നു. തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കു ഗുരുതര പരിക്കേറ്റില്ലെന്നും ചൈനീസ് സൈനികരെ  തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരു സഭകളില്‍നിന്നും പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ചൈന അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടുന്നു. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും നീരീക്ഷണം കൂട്ടാന്‍ തീരുമാനിച്ചത്.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അമേരിക്ക. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പിന്തുണയുണ്ടെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അടക്കം വ്യാജ ഒപ്പുകള്‍ സഹിതമുള്ള വ്യാജരേഖകളുണ്ടാക്കി ഇന്‍ഷ്വറന്‍സ് തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേര്‍ പിടിയില്‍. മുടങ്ങിയ ഇന്‍ഷറുസ് പോളിസികള്‍ ലഭ്യമാക്കാന്‍ പുതിയ പദ്ധതിയുണ്ടെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. മൂവായിരം പേരുടെ വിവരങ്ങളാണ് തട്ടിപ്പു സംഘത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് ലഭിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക-യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്കു നല്‍കിയത്. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിലെ 8.39 ശതമാനത്തില്‍നിന്ന് നവംബറില്‍ 5.85 ശതമാനമായി കുറഞ്ഞു. 21 മാസത്തെ താഴ്ന്ന നിരക്കാണിത്. വാണിജ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ റിസര്‍വ് ബാങ്ക്  മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പങ്കെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് രഘുറാം രാജനും യാത്രയില്‍ ചേര്‍ന്നത്. യാത്രക്കിടെ രഘുറാം രാജനും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കൊല്‍ക്കത്ത ബിര്‍ഭൂം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ പശ്ചിമ ബംഗാള്‍ പോലീസ് കൊലക്കേസെടുത്തു. വീടുകള്‍ക്കു തീയിട്ട് പത്തു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലാലന്‍ ശൈഖ് ആണു കസ്റ്റഡിയില്‍ മരിച്ചത്.

യുഎസ്- മെക്സിക്കോ അതിര്‍ത്തിയില്‍ യുഎസ് പഴയ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചു മതില്‍ പണിയുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയാനാണ് മതില്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ച് യുഎസിലെത്തന്നെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചതോടെയാണ് കണ്ടെയ്‌നര്‍ മതില്‍ വിവാദമായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *