night news hd

വിഴിഞ്ഞം വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ച. മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയി മലങ്കര സഭാധ്യക്ഷന്‍ മാര്‍ ക്ലിമീസും ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോയുമായും സംസാരിച്ചതിനുശേഷമാണ് ക്ലിമിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.  പല തട്ടിലുള്ള അനുരഞ്ജന ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്റെ മധ്യസ്ഥതയിലും ഒത്തുതീര്‍പ്പു ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി ശ്രീനിവാസന്‍ തുടങ്ങിയ പൗരപ്രമുഖര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ കൊണ്ടുവരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം സമരത്തില്‍ ഒത്തുതീര്‍പ്പിനി ശ്രമിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നല്‍കാത്തത് എന്തുകൊണ്ടാണ്. സ്ഥലത്തില്ലാത്തി രൂപത അധ്യക്ഷനെതിരെ കള്ളക്കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ജയിലുകളിലുള്ള സിപിഎം പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമവിരുദ്ധമായ മന്ത്രിസഭാ തീരുമാനവും ആഭ്യന്തരവകുപ്പിന്റെ ഉത്തരവും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

ശശി തരൂരിനു വീട്ടുതടങ്കല്‍ ശിക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഐ ഗ്രൂപ്പും ചില ഡിസിസി പ്രസിഡന്റുമാരുമാണ് ശശി തരൂര്‍ പുറത്തിറങ്ങരുതെന്നു വിലക്കുന്നത്. എന്നാല്‍ താന്‍ സംഘടനാ ചട്ടക്കൂടു ലംഘിച്ചിട്ടില്ലെന്നു ശശി തരൂര്‍ എംപി. പാര്‍ട്ടിയുടെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പോകും. കോണ്‍ഗ്രസ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനാണു പോകുന്നത്. യോഗവിവരം സംഘാടകരാണ് ഡിസിസിയെ അറിയിക്കേണ്ടത്. താനും അറിയിച്ചിട്ടുണ്ട്. താല്‍പര്യമില്ലാത്തവര്‍ വരേണ്ട. ബിഷപ്പുമാരെ സന്ദര്‍ശിച്ചതില്‍ പ്രത്യേകതയില്ല. എന്തുകൊണ്ടാണ് തന്റെ സന്ദര്‍ശനങ്ങള്‍ വിവാദമാക്കുന്നതെന്ന് അറിയില്ലെന്നും തരൂര്‍.

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ 250 സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്.

കോഴിക്കോട് കോര്‍പറേഷന്റെ കോടികള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിക്ഷം മേയര്‍ ഭവനില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് മേയര്‍ ഡോ. ബീന ഫിലിപ്പ്. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ നഗരസഭാ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനു പിറകില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും മേയര്‍.

കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടമായ പണം പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുതന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശുപോലും കുറയാതെ തിരിച്ചുനല്‍കണം. മോഹനന്‍ പറഞ്ഞു.

കോടതി പുറത്താക്കിയ കുഫോസ് വിസി റിജി ജോണിനുവേണ്ടി യൂണിവേഴ്‌സിറ്റിയുടെ ചെലവില്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. ആക്ടിംഗ് വിസിയായി റിജി ജോണിന്റെ ഭാര്യ ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെയാണു നിയമിച്ചിട്ടുള്ളത്.

അയ്യപ്പ ഭക്തര്‍ക്കായി നിലക്കലിലും പമ്പയിലും ആവശ്യത്തിനു കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ കയറാന്‍  പൊലീസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി.

അരയില്‍ കെട്ടിവച്ച് 1650 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി സമദ് കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കു കയറ്റാന്‍ സുരക്ഷാ പരിശോധന നടത്തിയപ്പോഴാണ് 70 ലക്ഷം രൂപയുടെ സ്വര്‍വുമായി ഇയാള്‍ പിടിയിലായത്.

2020 ലെ ഡല്‍ഹി കലാപ കേസുകളില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും ഡല്‍ഹി കോടതി വെറുതെ വിട്ടു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഹൈദരാബാദ് സര്‍വകലാശാലയിലെ തായ്ലന്‍ഡുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സീനിയര്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസിലെ ഹിന്ദി വിഭാഗം ഫാക്കല്‍റ്റി അംഗമായ രവി രഞ്ജന്‍ (62) അറസ്റ്റിലായി. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *