അദാനി ഗ്രൂപ്പ് കമ്പനികളില്‍ പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയുടെ നിക്ഷേപത്തില്‍ വന്‍വളര്‍ച്ച. അദാനി ഗ്രൂപ്പിന്റെ ഏഴില്‍ നാലു കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിലെ എല്‍.ഐ.സി നിക്ഷേപം ചുരുങ്ങിയ കാലം കൊണ്ട് ആറിരട്ടിവരെ വര്‍ധിച്ചു. ഈ കമ്പനികളിലെ എല്‍.ഐ.സിയുടെ മൊത്തം നിക്ഷേപം 74,142 കോടി രൂപയാണ്. അദാനിഗ്രൂപ്പ് വിപണിയില്‍ നിന്ന് സമാഹരിച്ചിട്ടുള്ള 18.98 ലക്ഷം കോടി രൂപയുടെ നാലു ശതമാനത്തോളമാണ് ഈ തുക. അദാനി പോര്‍ട്ട്സില്‍ എല്‍.ഐ.സിയുടെ മുതല്‍മുടക്ക് 10 ശതമാനത്തോളമാണ്. മൊത്തം മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം ഇതിന്റെ പകുതി വരില്ല. അദാനി ടോട്ടല്‍ ഗ്യാസിലെ എല്‍.ഐ.സി നിക്ഷേപം 5.77 ശതമാനമാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 0.04 ശതമാനം മാത്രം. അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ എല്‍.ഐ.സിക്ക് നാലു ശതമാനത്തിലധികമാണ് നിക്ഷേപം. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 1.27 ശതമാനം. ഇന്‍ഷുറന്‍സ് മേഖല അദാനി കമ്പനികളില്‍ നിക്ഷേപിച്ചതിന്റെ 98.9 ശതമാനവും എല്‍.ഐ.സിയുടെ വകയാണ്. ടാറ്റ ഗ്രൂപ്പില്‍ എല്‍.ഐ.സി നിക്ഷേപം 3.98 ശതമാനവും റിലയന്‍സ് ഇന്ഡസ്ട്രീസില് 6.45 ശതമാനവുമാണ്.
അദാനി ഗ്രൂപ്പില്‍ എല്‍.ഐ.സിക്ക് വന്‍വളര്‍ച്ച
