ശബരിമലയില്‍ വീണ്ടും നിയമപ്രശ്‌നം. ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരാകാന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനാകണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുക. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഈ നിര്‍ദേശം ഭരണഘടനയിലെ മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണു ഹര്‍ജി.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ ഒന്നരവര്‍ഷം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിച്ചുവച്ചത്? ഇതുവരേയും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുകയായിരുന്നുവെന്നും സതീശന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി പറയുന്നു. ഇതുവരേയും മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെ
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് കേന്ദ്രസേനയെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രണം ചെയ്ത കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിഴിഞ്ഞം സമരസമിതി നേതാക്കള്‍. തുറമുഖം പണിയുന്നതുമൂലം കിടപ്പാടവും ജീവിതവും കടലെടുത്തു വഴിയാധാരമായവരെ അധികാര ഹുങ്കോടെ അധിക്ഷേപിക്കുന്നവരാണു യഥാര്‍ത്ഥ കലാപകാരികളെന്ന് സമരസമിതി നേതാവ് ഫാ. തിയോഡേഷ്യസ് പറഞ്ഞു.
തക്കാളിക്കു വില ഒരു രൂപ. വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ കിലോയ്ക്കു 15 രൂപ നിരക്കില്‍ തക്കാളി സംഭരിക്കും. സഹകരണ വകുപ്പുി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പത്തു ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഊരൂട്ടമ്പലം യുപി സ്‌കൂളിന്റെ പേര് അയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂള്‍ എന്നാക്കി മാറ്റുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രശസ്ത ഗായകന്‍ എംജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീടു നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ടു ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീടു പണിതത്.
ഹോളിവുഡ് ചിത്രമായ അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും. തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയായി. ഡിസംബര്‍ 16 നു തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
തലശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചു പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ലഹരി വില്‍പന ചോദ്യം ചെയ്തതിന് നിട്ടൂര്‍ സ്വദേശികളായ ഖലീദും ഷമീറും കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ തെളിവെടുപ്പിനാണു കസ്റ്റഡിയില്‍ വിട്ടത്.
കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു തട്ടിയെടുത്ത 15 കോടിയിലധികം രൂപ ബാങ്ക് മാനേജര്‍ റജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനും ഓഹരി നിക്ഷേപത്തിനും വിനിയോഗിച്ചെന്ന് സൂചന. തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്റെ അക്കൗണ്ടിലേക്കാണു മാറ്റിയത്. എന്നാല്‍ റെജില്‍തന്നെ കൈകാര്യം ചെയ്തിരുന്ന ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ല.
കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് മേയര്‍ ബീന ഫിലിപ്പ്. എംപി, എംഎല്‍എ ഫണ്ടിനു പുറമേ, കുടുംബശ്രീ ഫണ്ടില്‍നിന്ന് 10 കോടിയിലേറെ രൂപയും നഷ്ടപ്പെട്ടു. മൂന്നു ദിവസത്തിനകം പണം തിരികെ തരുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നല്‍കിയെന്നും മേയര്‍ പറഞ്ഞു.
ഗുരുവായൂര്‍ ഏകാദശി ഉല്‍സവത്തിരക്കിനിടെ ക്ഷേത്ര നടയില്‍ ആന ഇടഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന് എത്തിച്ച ദേവസ്വത്തിന്റെ കൊമ്പന്‍ ദാമോദര്‍ദാസാണ് ഇടഞ്ഞത്.
അഴിമതിക്കാരിയായ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് സഹോദരന്മാര്‍ മദ്യപിച്ച് കുത്തിക്കൊന്ന കേസിലെ പ്രതി പൊള്ളാച്ചി കൊള്ളുപാളയം സ്വദേശി മണികണ്ഠന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്‍ ദേവയാണ് കൊല്ലപ്പെട്ടത്.
കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് മദ്യശാലയ്ക്കു മുന്നില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു വെട്ടേറ്റു. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആക്രമിച്ച കഞ്ഞിക്കുഴി സ്വദേശി അമലിനെ പോലീസ് തെരയുന്നു.
പ്രണയപ്പകയില്‍ പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി ശ്യാംജിത് നല്‍കിയ ജാമ്യാപേക്ഷയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ബൈക്ക് നല്‍കാത്തതിന് ഹീമോഫീലിയ രോഗിയെ മര്‍ദ്ദിച്ച ഗുണ്ടയെ അറസ്റ്റു ചെയ്തു. തൃശൂര്‍ അഞ്ചേരി സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. അഞ്ചേരിയിലെ വൈശാഖാണ് അറസ്റ്റിലായത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരും. ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ തീരുമാനമനുസരിച്ച് പ്രതിപക്ഷ നേതൃ പദവി ഖര്‍ഗെ രാജിവച്ചാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ചത്. പകരം ആരെന്നു തീരുമാനമാകാത്തതിനാലാണ് തത്കാലം ഖര്‍ഗെ തുടരാന്‍ ധാരണയായത്.
ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീംകോടതി. കൊളീജിയത്തെ അവതാളത്തിലാക്കരുത്. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ജസ്റ്റീസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. കല്‍ക്കരി ഇടപാടു കേസിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റു ചെയ്തത്.
നിരപരാധിയെ പോക്‌സോ കേസില്‍ അറസ്റ്റുചെയ്ത് ഒരു വര്‍ഷത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ചു ലക്ഷം രൂപ പിഴയടക്കണമെന്ന് മംഗലാപുരം കോടതി. കേസില്‍ കുറ്റവിമുക്തനാക്കിയ നവീന്‍ സെക്വീരയ്ക്ക് സബ് ഇന്‍സ്‌പെക്ടര്‍ പി.പി റോസമ്മ, ഇന്‍സ്‌പെക്ടര്‍ രേവതി എന്നിവര്‍ അടയ്ക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി നല്‍കണം. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് ധരിക്കാവുന്ന പത്ത് സ്‌കൂളുകളും കോളജുകളും തുറക്കാന്‍ കര്‍ണാടക ഖഖഫ് ബോര്‍ഡിന് അനുമതി നല്‍കിയെന്ന പ്രചാരണം അസംബന്ധമാണെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും നേതാവ് സുനില്‍ ജാക്കറെയും ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തി.
ട്രെയിനിലെ വിന്‍ഡോ സീറ്റിലിരുന്നു യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന്‍ മരിച്ചു. ഹിതേഷ് കുമാര്‍ എന്ന യാത്രക്കാരനാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്ന് കാണ്‍പൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചല്‍ എക്സ്പ്രസിലാണ് സംഭവം.
ഫൈവ് ജി വികസനത്തിനായി വോഡഫോണ്‍ ഐഡിയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പതിനയ്യായിരം കോടി രൂപ വായ്പയെടുക്കും. ഒരു മാസത്തിലേറെയായി ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണു റിപ്പോര്‍ട്ട്.