ചെന്നൈ ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പായ റാപ്റ്റീ ഡോട്ട് എച്ച്‌വി തങ്ങളുടെ ആദ്യത്തെ ഉയര്‍ന്ന വോള്‍ട്ടേജ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ടി 30 ഔദ്യോഗികമായി പുറത്തിറക്കി. 2.39 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. വെള്ള, ചുവപ്പ്, ചാര, കറുപ്പ് എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ഇത് തിരഞ്ഞെടുക്കാം. 1000 രൂപയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ബെംഗളൂരുവിലും ചെന്നൈയിലും ബൈക്കുകളുടെ ആദ്യഘട്ട ഡെലിവറി അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കും. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ഹൈ-വോള്‍ട്ടേജ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്ക് യൂണിവേഴ്സല്‍ ചാര്‍ജിംഗ് സംവിധാനത്തോടെ വരുന്ന രാജ്യത്തെ ആദ്യത്തെ മോഡലാണ്. രൂപത്തിലും ഡിസൈനിലും സ്‌പോര്‍ട്‌സ് ബൈക്കിന് സമാനമാണിത്. 5.4 കിലോവാട്ട്അവര്‍ ശേഷിയുള്ള 240 വോള്‍ട്ട് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ചുമായി ഇത് വരുന്നു. ഈ ബൈക്കിന്റെ ഇലക്ട്രിക് മോട്ടോര്‍ 30 ബിഎച്ച്പി പവറിനും 70 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കിനും തുല്യമായ 22 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു.