ഇറ്റാലിയന്‍ ലക്ഷ്വറി സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ സൂപ്പര്‍ കാര്‍ മോഡലായ 296 ജിടിബി സ്വന്തമാക്കി ബോളിവുഡ് താരം രണ്‍വീര്‍ സിങ്. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജിടിബി 5.40 കോടി രൂപയാണ് ഈ സ്‌പോര്‍ട്‌സ് കാറിന്റെ എക്‌സ്‌ഷോറൂം വില. രണ്‍വീറിന്റെ ഫെരാരിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ 6.30 കോടി രൂപയാണ് ഈ വാഹനത്തിനായത്. നീണ്ട നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷന്‍ സ്‌പോര്‍ട്‌സ് കാറാണ് 296 ജിടിബി. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗരാജാവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
