റാമോജി ഫിലിം സിറ്റിയെ കുറിച്ച് നമ്മൾ നിരവധി കേട്ടിട്ടുണ്ട്. മാത്രമല്ല പല സിനിമകളിലൂടെയും റാമോജി ഫിലിം സിറ്റി നമുക്ക് പരിചിതമാണ്. സിനിമക്കാരുടെ കൊട്ടാരമായ റാമോജി ഫിലിം സിറ്റിയുടെ അറിയാ കഥകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം ….!!!
ഹൈദരാബാദിലെ അബ്ദുല്ലപൂർമെറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സംയോജിത ഫിലിം സ്റ്റുഡിയോ ആണ്റാമോജി ഫിലിം സിറ്റി . 1,666 ഏക്കറിൽ (674 ഹെക്ടർ ) വ്യാപിച്ചുകിടക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ സമുച്ചയമാണ്. അതിനാൽ റാമോജി ഫിലിം സിറ്റി എന്ന പേര് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
1996-ൽ രാമോജി റാവുവാണ് ഇത് സ്ഥാപിച്ചത്. ദി ഗാർഡിയൻ രാമോജി ഫിലിം സിറ്റിയെ “നഗരത്തിനുള്ളിലെ നഗരം” എന്നാണ് വിശേഷിപ്പിച്ചത്. വിനോദ പാർക്ക് ഉൾപ്പെടെയുള്ള കൃത്രിമമായ ആകർഷണങ്ങൾ ഉൾക്കൊള്ളുന്ന ഇടമാണ് റാമോജി ഫിലിം സിറ്റി. കൃത്രിമമായി നിർമ്മിച്ചത് മാത്രമല്ല പ്രകൃതിയുടെ മനോഹാരിതയും ഇവിടെ മനോഹരമായി തന്നെ കാണാം . അവധിക്കാല കേന്ദ്രo മാത്രമല്ല പ്രശസ്തമായ ടൂറിസം, വിനോദ കേന്ദ്രവുമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹോളിവുഡിലെ സ്റ്റുഡിയോയ്ക്ക് സമാനമായി ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ ആഗ്രഹിച്ച മാധ്യമ വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ രാമോജി റാവുവിൻ്റെ ആശയമാണ് ഫിലിം സിറ്റി . സ്ഥലം വാങ്ങുമ്പോൾ, സമുച്ചയം രൂപകൽപ്പന ചെയ്യാൻ കലാസംവിധായകൻ നിതീഷ് റോയിയുമായി അദ്ദേഹം ഒരു കരാർ ഒപ്പുവച്ചു. കാടുകളും പർവതപ്രദേശങ്ങളും ഉൾക്കൊള്ളുന്ന ഭൂമി ഒരു മരമോ മലയോ നീക്കം ചെയ്യാതെ കേടുകൂടാതെ സൂക്ഷിച്ചു പോന്നു . 1996 ൽ ഹൈദരാബാദിൽ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ളപൂർമെറ്റിലാണ് ഇത് നിർമ്മിച്ചത് . മാ നാനാക്കു പേളി (1997) ആണ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ആദ്യ ചിത്രം.
സ്റ്റുഡിയോയിൽ വനങ്ങൾ, പൂന്തോട്ടങ്ങൾ, ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾ, മാളികകൾ, വർക്ക്ഷോപ്പുകൾ എന്നിങ്ങനെയുള്ള സെറ്റുകൾ ഉണ്ട്. ഏത് സമയത്തും ചിത്രീകരിക്കുന്ന വിവിധ ഫിലിം യൂണിറ്റുകൾക്കായി ഒരു കേന്ദ്രo ഇവിടെയുണ്ട്. ഫിലിം സിറ്റിയിൽ 6 ഹോട്ടലുകളും 47 സൗണ്ട് സ്റ്റേജുകളും റെയിൽവേ സ്റ്റേഷനുകൾ മുതൽ ക്ഷേത്രങ്ങൾ വരെയുള്ള സ്ഥിരം സെറ്റുകളും ഉണ്ട്.
ഫിലിം സിറ്റിയിൽ ഏകദേശം 1,200 ജീവനക്കാരും 8,000 ഏജൻ്റുമാരുമുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലായി പ്രതിവർഷം 400-500 സിനിമകൾ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്യുന്നു എന്നാണ് കണക്ക്. വിൻ്റേജ് ബസുകളും എസി കോച്ചും റാമോജി ഫിലിം സിറ്റിക്കുള്ളിൽ യാത്ര ചെയ്യാൻ ലഭ്യമാണ്.
ഫിലിം സെറ്റുകൾ, തീം പാർക്കുകൾ, അമ്യൂസ്‌മെൻ്റ് റൈഡുകൾ തുടങ്ങിയവ പുറത്തുനിന്നു വരുന്ന ആളുകൾക്കും സന്ദർശിക്കാം. ബാഹുബലി: ദി ബിഗിനിംഗ് (2015), ബാഹുബലി 2: ദി കൺക്ലൂഷൻ (2017) എന്നീ ചിത്രങ്ങൾക്ക് ഉപയോഗിച്ച സെറ്റുകളും ഫിലിം സിറ്റിയിലുണ്ട് . സിനിമകളിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ പ്രതിമകളും ഉപകരണങ്ങളും ഇവിടെ കാണാം.
റാമോജി ഫിലിം സിറ്റിയിലേക്ക് പ്രവേശിച്ചാൽ നമുക്ക് പല സിനിമകളുടെയും പല ലൊക്കേഷനുകളും മനസ്സിലേക്ക് ഓടിയെത്തും. എല്ലാംകൊണ്ടും മനോഹരമായ ഒരിടം. പ്രകൃതിയുടെ മനോഹാരിത ഒട്ടും തന്നെ കളയാതെ വളരെ മനോഹരമായി തന്നെയാണ് രാമോജി ഫിലിം സിറ്റിയിലെ ഓരോ ഭാഗവും ഇന്നും കാത്തുസൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവും കൂടുതലാകുന്നത്.