സൂപ്പര്‍താരം രജനീകാന്തിന്റെ മൂത്ത സഹോദരന് സത്യനാരായണ റാവു ഗെയ്ക്വാദ് സിനിമയിലേക്ക്. എണ്‍പതാം വയസിലാണ് അഭിനയത്തിലേക്കുള്ള സത്യനാരായണ റാവുവിന്റെ അരങ്ങേറ്റം. ‘മാമ്പഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍ തമിഴ് വംശജനായ എംആര്‍എം റജീമാണ് സംവിധായകന്. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തില് ചിത്രീകരണം തുടങ്ങി. ശ്രീലങ്കന്‍ സ്വദേശി മദനന് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ലിബിയയാണ് നായിക. രജനീകാന്ത് ആരാധകര്‍ക്ക് ഏറെ പരിചിതനാണ് സത്യനാരായണ റാവു. 1970കളിലെ രജനിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് പറയുന്നതിനായി അദ്ദേഹം ടെലിവിഷനിലും പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മൂത്ത സഹോദരനെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് രജനീകാന്ത് പറയാറുണ്ട്.