ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ‘രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ’. ഭഗവന്ത് മാന്‍ ചോദിച്ചു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിനു പിന്നിൽ എ.എ.പി. വലിയ പങ്കുവഹിച്ചെന്ന രാഹുലിന്റെ പരാമർശമാണ് മാനെ പ്രകോപിപ്പിച്ചത്.
സൂര്യൻ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തിരഞ്ഞെടുപ്പ് നടന്നത്. രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ പദയാത്ര (ഭാരത് ജോഡോ യാത്ര) ആരംഭിച്ചത് സൂര്യൻ ആദ്യം ഉദിക്കുന്നിടത്ത് (കന്യാകുമാരി) നിന്നാണ്. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ടൈമിങ് ശരിയാക്കട്ടെ- ഭഗവന്ത് മാൻ പറഞ്ഞു.
എതിർപാർട്ടിക്കാർക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യത്തിന് അംഗങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്വന്തം എം.എൽ.എമാരെ വിൽക്കുന്നിടത്തോളം കോൺഗ്രസ് ദരിദ്രമായിക്കൊണ്ടിരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് കോമയിലാണെന്ന് പറയാനും ഭഗവന്ത് മാൻ തയ്യാറായി.