മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍. ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ച് 2022 നവംബറില്‍ ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 176.18 എം.ബി.പി.എസും അപ്ലോഡ് വേഗം 25.13 എം.ബി.പി.എസുമായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ യു.എ.ഇയുടെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് നവംബറില്‍ 139.41 എം.ബി.പി.എസായിരുന്നു. 2021 നവംബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന യു.എ.ഇയെ പിന്തള്ളിയാണ് ഇക്കുറി ഖത്തര്‍ മുകളിലെത്തിയത്. കഴിഞ്ഞ ലിസ്റ്റില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്തായിരുന്നു. 131.54 എം.ബി.പി.എസ് ഡൗണ്‍ലോഡ് വേഗവുമായി നോര്‍വെ മൂന്നാമതെത്തിയപ്പോള്‍ ദക്ഷിണ കൊറിയ 118.76 എം.ബി.പി.എസ് ഡൗണ്‍ലോഡ് വേഗവുമായി നാലാം സ്ഥാനത്തെത്തി. ഡെന്മാര്ക്ക് (113.44 എം.ബി.പി.എസ്), ചൈന (109.40 എം.ബി.പി.എസ്), നെതര്‍ലന്‍ഡ്സ് (109.06 എം.ബി.പി.എസ്), മക്കാവു (106.38 എം.ബി.പി.എസ്), ബള്‍ഗേറിയ (103.29 എം.ബി.പി.എസ്), ബ്രൂണെ (102.36 എം.ബി.പി.എസ്) എന്നീ രാജ്യങ്ങളാണ് യഥാക്രമം അഞ്ചു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. പുതിയ ലിസ്റ്റിലെ ആദ്യപത്തില്‍ ഡെന്മാര്ക്ക്, മക്കാവു, ബ്രൂണെ എന്നിവ ഇടംപിടിച്ചപ്പോള്‍ 2021ലെ പട്ടികയിലുണ്ടായിരുന്ന സൗദി അറേബ്യ, സൈപ്രസ്, കുവൈത്ത് എന്നിവ പുറത്തായി.