സന്തോഷ് കല്ലാറ്റ് രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുലിയാട്ടം’. സെവന് മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീര്‍ കരമന, മീരാ നായര്‍, മിഥുന് എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടര്‍ ലൂയി മേരി, ചന്ദ്രന് പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്വിന്, മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുലി ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസ് തൃശൂരിലെ ഒരു വലിയ പുലിക്കളിക്കാരന് ആയിരുന്നു. ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളെ മദ്യപാനിയാക്കി മാറ്റിയപ്പോള്‍ പുലിക്കളി അയാള്‍ പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ ആരാധകനായ മനോഹരന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍, ജോസിന്റെ പുലിക്കളി വീണ്ടും കളിക്കുവാന്‍ ആവശ്യപ്പെടുന്നു. ഭാര്യ മേരിയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് വീണ്ടും പുലിവേഷം കെട്ടുവാന്‍ ജോസ് തീരുമാനിക്കുന്നു. തുടര്‍ന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പുലിയാട്ടത്തിന് ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.