മൂന്നാം ബോളിവുഡ് അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. താരത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന നേരത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. എഐ, റോബോട്ടിക്സ്, ഡ്രോണ്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുക. ആക്ഷന്‍ വിഭാഗത്തിലൊരുക്കുന്ന ചിത്രത്തില്‍ ടൈഗര്‍ ഷെറോഫും പ്രധാന വേഷത്തിലെത്തും. അലി അബ്ബാസ് സഫറാണ് സംവിധാനം. അടുത്ത വര്‍ഷം ഈദ് റിലീസായാകും ചിത്രം തിയേറ്ററില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ സിനിമ ബഡേ മിയാന്‍ ചോട്ടെ മിയാന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രമെന്നാണ് സൂചന. അതേസമയം, ‘ആടുജീവിതം’, ‘സലാര്‍’ എന്നീ ചിത്രങ്ങളാണ് ഇനി പൃഥ്വിരാജിന്റെതായി റിലീസിനൊരുങ്ങുന്നത്.