രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ശംഖുമുഖം വിമാനത്താവളത്തിൽ മൂന്ന് സേനാ വിഭാഗവും ചേർന്ന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകും.
രാജ്യത്തെ സമുദ്രമേഖല സംബന്ധിച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നാവികസേനാംഗങ്ങൾ ആധുനിക സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം നേടണമെന്നും, വാണിജ്യപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സമുദ്രശക്തി നിർണായക പങ്കാണ് വഹിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്നലെ കൊച്ചിയിൽ ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡൻറ് കളർ സമ്മാനിക്കുകയായിരുന്നു രാഷ്ട്രപതി. ലോകത്തെ അഞ്ചാമത്തെ വലിയ ആഗോള സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.