ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാന്‍ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരമുള്ള ലഘുഭക്ഷണങ്ങള്‍, മാധുരപാനീയങ്ങള്, ജങ്ക്ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കാം. സമീകൃത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പാന്‍ക്രിയാസിന് സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. നടത്തം, നീന്തല്‍, സൈക്ലിങ്ങ് തുടങ്ങിയ മിതമായ വ്യായാമം ആഴ്ചയില്‍ 150 മുതല്‍ 180 മിനിറ്റ് വരെ ആകാം. പേശികള്‍ ഉണ്ടാകാന്‍ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യാം. വ്യായാമം ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. അമിതഭാരം ഉള്ള ആളാണെങ്കില്‍ ശരീരഭാരത്തിന്റെ അഞ്ച് മുതല്‍ ഏഴു ശതമാനം വരെ കുറയ്ക്കാം. ഇത്രയും ഭാരം കുറയുന്നതു തന്നെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഫാസ്റ്റിങ്ങിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷണവും നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാം. ഭക്ഷണം, വ്യായാമം, മറ്റ് മാറ്റങ്ങള്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ എന്തുമാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നറിയാന്‍ ഈ പരിശോധന സഹായിക്കും. ഇതനുസരിച്ച് ജീവിതശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ആവാം. ഉറക്കമില്ലായ്മയും ഉയര്‍ന്ന സമ്മര്‍ദവും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. എല്ലാ ദിവസവും രാതി 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാം. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ തുടങ്ങിയ റിലാക്സേഷന് ടെക്നിക്കുകള്‍ പരിശീലിക്കുന്നത് സമ്മര്‍ദം നിയന്ത്രിക്കാം. ഈ കാര്യങ്ങളെല്ലാം പിന്തുടരുന്നതിലൂടെ പ്രമേഹം തടയാനും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താനും സാധിക്കും.
പ്രീഡയബറ്റിക് ആളുകള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണം!
