yt cover 9

ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. മന്ത്രിക്കെതിരെ പരാതി പ്രളയം. പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും വിശദീകരണം തേടി. ഭരണഘടനയെയല്ല, ഭരണസംവിധാനത്തെയാണു വിമര്‍ശിച്ചതെന്നും രാജി വയ്ക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അടക്കം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആരോപണങ്ങളും പ്രതിഷേധങ്ങളും കത്തിനില്‍ക്കേ സെല്‍ഫ് ഗോളുമായി മന്ത്രി സജി ചെറിയാന്‍. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റേയും എകെജി സെന്റര്‍ ആക്രമിച്ചവരെ പിടികൂടാനാവാത്തതിന്റേയും ക്ഷീണത്തിനിടെയാണ് സജി ചെറിയാന്റെ പ്രസംഗം. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വെളുപ്പിക്കാന്‍ നടത്തിയ പ്രസംഗം വെള്ളിടിയായി മാറി. തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനവുമാണ്.

മന്ത്രി സജി ചെറിയാനെതിരേ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖനും സംഘവും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു പരാതി നല്‍കി. സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ജനപക്ഷം നേതാവ് പിസി ജോര്‍ജ് എന്നിവരും ഗവര്‍ണര്‍ക്കു പരാതി നല്‍കി. പത്തനംതിട്ട മല്ലപ്പിള്ളിയില്‍ നടത്തിയ പ്രസംഗത്തിനു മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.

‘പഞ്ചാബ് മോഡല്‍ പ്രസംഗം’ നടത്തിയ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്ന സാഹചര്യത്തിന്റെ മറ്റൊരു പതിപ്പാണ് സജി ചെറിയാന്റെ ‘മല്ലപ്പള്ളി മോഡല്‍’ പ്രസംഗമെന്ന് നിയമവിദഗ്ധര്‍. 1985 ലാണ് ആര്‍ ബാലകൃഷ്ണപിള്ള ‘പഞ്ചാബ് മോഡല്‍’ പ്രസംഗം നടത്തിയത്. പാലക്കാട്ടേക്കു വാഗ്ദാനം ചെയ്തിരുന്ന റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയതിനെ വിമര്‍ശിച്ചായിരുന്നു ബാലകൃഷ്ണപ്പിളളയുടെ പ്രസംഗം. വിഷയം ഹൈക്കോടതിയിലെത്തി. പിറകേ, ബാലകൃഷ്ണപിള്ളയ്ക്കു രാജിവയ്ക്കേണ്ടിവന്നു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. വിമര്‍ശിച്ചത് ഭരണകൂട സംവിധാനത്തെയാണ്. ഭരണഘടനയുടെ അന്തഃസത്ത തകര്‍ന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്.

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയര്‍ത്തിപിടിച്ച് നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ രാജ്ഭവന്‍ ചോദിച്ചതായി അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പ്രസംഗം ഭരണഘടനക്ക് എതിരല്ല. ഭരണഘടനയിലെ അപാകതകള്‍ തിരുത്താനാണ് ഭരണഘടന ഭേദഗതി വരുത്തുന്നതെന്നും ബേബി പറഞ്ഞു. പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്നാല്‍ പ്രസംഗം അനുചിതമെന്നാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അനുചിതമെന്ന് എല്‍ജെഡി അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പത്മശ്രീ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 99 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നെയ്യാറ്റിന്‍കരയിലെ വസതിയില്‍. വീണു പരിക്കേറ്റതുമൂലം രണ്ടു മാസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്‌കൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ക്രമീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് പി.സി. ജോര്‍ജിനെതിരേ കേസുമായി പോലീസ്. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരു വെളിപെടുത്തിയതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകയോട് ‘എങ്കില്‍ നിങ്ങളുടെ പേരു പറയാ’മെന്നു പറഞ്ഞതിനെതിരേയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പുകളുടെ എണ്ണം 93 ല്‍നിന്ന് 22 ആക്കി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒന്നര കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 50 ലക്ഷം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 45 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

എകെജി സെന്ററര്‍ സന്ദര്‍ശനത്തിനെത്തിയ നേതാക്കളെ തിരിച്ചയച്ചെന്ന സിപിഎമ്മിന്റെ വിശദീകരണം തള്ളി എസ്ഡിപിഐ. എകെജി സെന്ററിലെത്തിയപ്പോള്‍ ഇരിക്കാന്‍ പറഞ്ഞെന്നും പത്ത് മിനിറ്റ് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വിശദീകരിച്ചു. നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ഇറങ്ങിപ്പോകാനും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. ഈ മാസം 16 ന് വിശദീകരണം നല്‍കണം. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്ന സിബിഐ യുടെ ആവശ്യം കോടതി തള്ളി.

ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയുടെ പരാതി. പി.സി. ജോര്‍ജിനെതിരെ നല്‍കിയ പീഡന കേസില്‍ ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപ്പെട്ടെന്നാണ് പരാതി. ജാമ്യം നല്‍കിയ ജഡ്ജിയുമായി കെമാല്‍ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. നിയമ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച അന്വേഷിക്കണമെന്നും ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

കീഴടങ്ങാന്‍ എത്തിയ പ്രതിയെ കോടതി മുറിയില്‍ കയറിപ്പിടിച്ചു തട്ടിക്കൊണ്ടുപോകാന്‍ പോലീസ് നടത്തിയ ശ്രമം അഭിഭാഷകര്‍ തടഞ്ഞു. അഡ്വ റജീന കോടതിയില്‍ ഹാജരാക്കിയ നിരവധി കേസിലെ പ്രതിയായ സാം ജിത്തിനെയാണ് മലയിന്‍കീഴ് എസ്എച്ച്ഒ പ്രതാപന്‍ കാട്ടാക്കട കോടതി മുറിയില്‍നിന്നു പിടികൂടാന്‍ ശ്രമിച്ചത്. അഭിഭാഷകര്‍ കൂട്ടത്തോടെ പ്രതിഷേധിച്ചതോടെ പോലീസ് പിന്‍വാങ്ങി. കോടതി മുറിയില്‍ അതിക്രമത്തിനു മുതിര്‍ന്ന എസ്എച്ച്ഒ യ്ക്കെതിരേ അഭിഭാഷകര്‍ പരാതി നല്‍കി.

നെടുങ്കണ്ടത്ത് തോട്ടങ്ങളില്‍ മരംവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. മൈലാടുംപാറയിലും പച്ചക്കാനത്തുമാണ് അപകടം ഉണ്ടായത്. മൈലാടുംപാറയില്‍ ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന മുത്തുലക്ഷ്മി (56) യും പച്ചക്കാനത്ത് ജാര്‍ഖണ്ഡ് സ്വദേശി ബാജു കിന്‍ഡോ (60) യുമാണു മരിച്ചത്.

കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ജീവനക്കാരന്‍ പി സി കെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

യുവതീ പ്രവേശന സുപ്രീംകോടതി ഉത്തരവിനു പിറകേ ശബരിമല കയറിയ കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും തമ്മില്‍ വിവാഹിതരായി. പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നെന്ന് ഇരുവരും പറഞ്ഞു.

മലപ്പുറം ആഢ്യന്‍പ്പാറയിലെ വനത്തില്‍ കുടുങ്ങിയ യുവാവ് ഒടുവില്‍ രക്ഷപ്പെട്ടു. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന്‍ ബാബുവാണ് ഒരു രാത്രി മുഴുവന്‍ പന്തിരായിരം വനത്തില്‍ അകപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഈന്ത് ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചിറങ്ങി കാഞ്ഞിരപുഴ നീന്തിക്കടക്കാനുള്ള ശ്രമത്തിനിടയില്‍ ഒഴുക്കില്‍പ്പെട്ടു. അതി സാഹസമായി കരയ്ക്കു കയറിയ ബാബു ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്.

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രധാന പ്രതി സഫീര്‍ കസ്റ്റഡിയില്‍. എസ്ഡിപിഐ ജില്ലാ നേതാവാണ് സഫീര്‍. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വേമ്പനാട്ടു കായലില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി. കുമരകത്തുനിന്നു മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലില്‍ ശക്തമായ കാറ്റില്‍ പെട്ട് തലകീഴായി മറിഞ്ഞത്.

മയക്കുമരുന്നു കച്ചവടക്കാരനായ ഒഡീഷ സ്വദേശിയെ കോഴിക്കോട് പിടികൂടി. ഒഡീഷയിലെ കുര്‍ദ സ്വദേശിയായ പ്രദീപ്കുമാര്‍ ബഹ്റ(30) ആണ് പിടിയിലായത്.

കണ്ണൂര്‍ ജില്ലയിലെ താഴേ ചൊവ്വയ്ക്കടുത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തി. തെഴുക്കിലെ പീടികയിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തെ പഴക്കമുണ്ട്.

നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരന്‍ കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ (42)ആണ് കര്‍ണാടകയില്‍നിന്ന് പിടികൂടിയത്.

റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.37 രൂപ നിലവാരത്തിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായാണ്. വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

അഴിമതിക്കേസുകളില്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായ ഉത്തരവു പുറപ്പെടുവിച്ചില്ലെങ്കില്‍ ദൂരേയ്ക്കു സ്ഥലംമാറ്റുമെന്നു ഭീഷണിപ്പെടുത്തിയെന്ന് കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജി. ഭരണത്തില്‍ വന്‍ സ്വാധീനമുള്ള എഡിജിപി ശരിപ്പെടുത്തിക്കളയുമെന്ന് മറ്റൊരു ജഡ്ജി തന്നോടു പറഞ്ഞെന്നാണ് ജസ്റ്റിസ് എച്ച്.പി സന്ദേശ് വെളിപ്പെടുത്തിയത്. രാജ്യത്തെ ജൂഡീഷ്യറിയെ ബിജെപി ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

ചില അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ നീക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അധികാര ദുര്‍വിനിയോഗമെന്ന് ആരോപിച്ച് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ട്വീറ്റ് നടത്തിയവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടില്ലെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു.

ഗുജറാത്തില്‍ പ്രഭാത നടത്തത്തിനിടെ യുവാവ് ട്രക്കിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഭാര്യയും കാമുകനും അറസ്റ്റിലായി. വാടകക്കൊലയാളിക്കു 10 ലക്ഷം രൂപ നല്‍കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.

ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമര്‍ശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് തുറന്ന കത്ത്. 15 മുന്‍ ജഡ്ജിമാര്‍, 77 മുന്‍ ഉദ്യോഗസ്ഥര്‍, സേനയിലെ 25 വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി 117 പേരാണ് കത്തില്‍ ഒപ്പുവച്ചത്. നൂപുര്‍ ശര്‍മ ഒറ്റയ്ക്ക് ഉത്തരവാദിയാണെന്ന രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം ‘ഉദയ്പുര്‍ ശിരഛേദത്തിന്റെ വെര്‍ച്വല്‍ കുറ്റവിമുക്തി’ ആണെന്ന് കത്തില്‍ പറഞ്ഞു.

വാസ്തുശാസ്ത്ര വിദഗ്ധന്‍ ചന്ദ്രശഖര്‍ ഗുരുജിയെ ആളുകള്‍ നോക്കി നില്‍ക്കേ കുത്തിക്കൊന്നു. കര്‍ണാടകയുടെ ഹുബ്ബള്ളിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ എത്തിയ രണ്ടു പേര്‍ റിസപ്ഷനില്‍വച്ചാണ് ചന്ദ്രശേഖറിനെ കുത്തിക്കൊന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നിലെ യഥാര്‍ഥ ‘ശില്‍പി’ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കഴിഞ്ഞ മാസം നടന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് സേനയിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിച്ചതെന്നും ഒരു വിമത നീക്കത്തിന് കാഞ്ചി വലിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു.

ആരോഗ്യ ഇന്‍ഷ്വറന്‍സിന് 18 ശതമാനം നികുതി, ആശുപത്രിയില്‍ മുറിക്ക് അഞ്ചു ശതമാനം, രത്നാഭരണങ്ങള്‍ക്ക് ഒന്നര ശതമാനം. പ്രധാനമന്ത്രിയുടെ ‘കുടുംബം തകര്‍ക്കല്‍ നികുതി നയം’ വേദനാജനകംതന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വിറ്ററില്‍.

വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ലാലു പ്രസാദിന്റെ മക്കളുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യനിലയിലെ പുരോഗതി അന്വേഷിച്ചു.

ബ്രിട്ടനിലെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവച്ചു. റിഷി സുനക്, സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിവച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണു മോചിപ്പിക്കുക.

സൗദി അറേബ്യയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കു വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചത്.

എഡ്ജ്ബാസ്റ്റണില്‍ വിജയം ഇംഗ്ലണ്ടിനോടൊപ്പം. ഇതോടെ ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 114 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയുടേയും 142 റണ്‍സ് നേടിയ ജോ റൂട്ടിന്റേയും സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്.

ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ വിഭാഗം സെമിയിലെത്തി. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ ഇറ്റലിയുടെ ജാനിക് സിന്നറെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ജോക്കോവിച്ച് തുടര്‍ച്ചയായ നാലാം വിംബിള്‍ഡണ്‍ കിരീടമെന്ന ലക്ഷ്യത്തോട് ഒരു പടികൂടി അടുത്തത്. രണ്ട് സെറ്റ് പിന്നില്‍ നിന്നശേഷമായിരുന്നു ജോക്കോയുടെ തിരിച്ചുവരവ്. അതേസമയം വനിതാ വിഭാഗത്തില്‍ ജര്‍മനിയുടെ സീഡില്ലാതാരം തത്യാന മരിയ സെമി ഫൈനലില്‍ പ്രവേശിച്ചു. നാട്ടുകാരിയായ യൂലെ നിയെമെയെറിനെ കീഴടക്കിയാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ തത്യാന അവസാന നാലില്‍ ഇടം നേടിയത്.

ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഒരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഇനി മുതല്‍ ചില പ്രത്യേക സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് ഗൂഗിളിന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തില്ല, പിന്നീട് അത് പൂര്‍ണമായും ഫോണില്‍ നിന്നോ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്നോ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങള്‍, ഡിഅഡിക്ഷന്‍ സെന്ററുകള്‍, ഫെര്‍ട്ടിലിറ്റി സ്ഥാപനങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകള്‍ എല്ലാം ഇക്കൂട്ടത്തില്‍പ്പെടും. പ്രധാനമായും അമേരിക്കന്‍ പൗരന്മാരെ ഉദ്ദേശിച്ചാണ് ഇത്തരം ഒരു അപ്ഡേഷന്‍ ഗൂഗിള്‍ കൊണ്ടുവരുന്നതെങ്കിലും ലോകമാകമാനം ഇത് ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി ഇന്ത്യന്‍ വിപണികളിലെത്തി. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും കളര്‍ ഓപ്ഷനുകളിലുമായാണ് ഫോണ്‍ വന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് ഇന്ത്യ ചാനലുകളില്‍ നിന്നും ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങാം. മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റിയനുസരിച്ചാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പഴയ മോഡലുകളില്‍ ഇല്ലാത്ത വണ്‍പ്ലസിന്റെ ഐക്കണിക് അലേര്‍ട്ട് സ്ലൈഡറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസിക് മോഡലിന് 28,999 രൂപയും മുന്‍നിര മോഡലിന് 33,999 രൂപയുമാണ് വില. ജെയ്ഡ് ഫോഗ് (പച്ച), ഗ്രേ ഷാഡോ (കറുപ്പ്) എന്നീ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്ഫോണുകള്‍ എത്തുന്നത്.

അനൂപ് മേനോന്റെ സംവിധാനത്തില്‍ സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്മ’ ജൂലായ് 15ന് തിയേറ്റര്‍ റിലീസിംഗിന് ഒരുങ്ങി. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയിലെ ആവേശം കൊള്ളിക്കുന്ന പ്രൊമോ സോങ്ങ് റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. പാലാ പള്ളി എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം തിയേറ്ററിന്റെ പശ്ചാത്തലത്തില്‍ ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുല്‍ നറുകര ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയും ശ്രീഹരി തറയിലും ചേര്‍ന്നാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടീം സോള്‍ ഓഫ് ഫോക്കിന്റേതാണ് ഗാനം. ജൂലൈ 7 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ആതര്‍ എനര്‍ജി തങ്ങളുടെ മുന്‍നിര 450എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ജൂലൈ 11 ന് രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏറ്റവും പുതിയ പതിപ്പ് വലിയ ബാറ്ററി പാക്കോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, ഈ സ്‌കൂട്ടറിന് 1.38 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുണ്ട്. വാഹനം ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2.9 കി.വാട്ട് ബാറ്ററി പാക്കില്‍ നിന്ന് പവര്‍ ലഭിക്കും.

ലോകമെങ്ങുമുള്ള സഞ്ചാരികളുടെയും തീര്‍ത്ഥയാത്രികരുടെയും പരമപദമാണ് ഹിമാലയ പര്‍വ്വതം. ഈ മഹാശൈലത്തിന്റെ പ്രാന്തങ്ങളിലൂടെ മഹാത്മഗാന്ധി സര്‍വ്വ കലാശാലയുടെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്റ്ററും പ്രെഫസറുമായിരുന്ന ഡോ. റസീന വിശ്വംഭരന്‍ നടത്തിയ അതി സാഹസികമായ യാത്രയുടെ അനുഭാവാഖ്യനമാണ് ഈ പുസ്തകം. ‘ഹിമവല്‍ ശൃംഗത്തിലേക്ക്’. വിസി ബുക്സ്. വില 152 രൂപ.

ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്ന ചില ഭക്ഷണവിഭവങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന ആരോഗ്യ സമ്പുഷ്ടമായ മറ്റ് ചില വിഭവങ്ങളുണ്ട്. കരള്‍, കുടല്‍, തലച്ചോര്‍ പോലുള്ള മൃഗങ്ങളിലെ അവയവങ്ങള്‍ നല്ല കൊളസ്ട്രോളിന്റെ സമ്പന്ന സ്രോതസ്സാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സംസ്‌കരിച്ച റെഡ് മീറ്റിന് പകരം ഇത്തരം അവയവങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിപ്സ് പോലെ ഉയര്‍ന്ന ട്രാന്‍സ് ഫാറ്റ് ഉള്ള സ്നാക്സുകള്‍ക്ക് പകരം ഒലീവ് എണ്ണയിലോ മറ്റ് സസ്യ എണ്ണകളിലോ വീട്ടില്‍ തന്നെ തയാര്‍ ചെയ്യുന്ന പോപ്കോണ്‍ ഉപയോഗിക്കാവുന്നതാണ്. തിയേറ്ററുകളിലും മറ്റും വാങ്ങാന്‍ കിട്ടുന്ന ബട്ടറും ട്രാന്‍സ്ഫാറ്റും അടങ്ങിയ പോപ് കോണല്ല മറിച്ച് വീട്ടിലുണ്ടാക്കുന്ന പോപ്കോണ്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വെണ്ണയ്ക്ക് പകരം ഒലീവ് എണ്ണ പോലുള്ള സസ്യ എണ്ണകള്‍ ഭക്ഷണം ഉപയോഗപ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ കാന്‍ഡികള്‍ക്ക് പകരം ബെറി പഴങ്ങളും ഓറഞ്ചും ആപ്പിളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബെറി പഴങ്ങളില്‍ പെക്ടിന്‍ എന്ന ഫൈബറിന്റെ തോത് അധികമാണ്. ഇത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ തണുപ്പിച്ച യോഗര്‍ട്ട് ഐസ്‌ക്രീമിന് പകരം ഉപയോഗിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഐസ്‌ക്രീം കൊളസ്ട്രോളും വര്‍ധിപ്പിക്കും. പായ്ക്ക് ചെയ്ത നാച്ചോസ്, ചിപ്സ് എന്നിവയ്ക്കെല്ലാം പകരം നട്സ്, ആല്‍മണ്ട്, വാള്‍നട്ട്, ഉണക്ക മുന്തിരി പോലുള്ളവ സ്നാക്സായി ഉപയോഗിക്കാം. പിസ, ബര്‍ഗര്‍, കേക്ക്, കുക്കീസ് പോലുള്ള ജങ്ക് ഫുഡുകള്‍ക്ക് പകരം പച്ചക്കറിയും ഇറച്ചിയും മീനും മുട്ടയുമെല്ലാം ഉപയോഗിച്ച് നാം വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണം കഴിക്കാനും ശ്രമിക്കേണ്ടതാണ്. ജങ്ക് ഫുഡില്‍ ട്രാന്‍സ് ഫാറ്റും സാച്ചുറേറ്റഡ് ഫാറ്റും സോഡിയവും പഞ്ചസാരയുമെല്ലാം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും.

ശുഭദിനം
കവിത കണ്ണന്‍
അന്ന് ക്ലാസ്സിലെ ആദ്യ പിരിയഡില്‍ തന്നെ അധ്യാപകന്‍ പടം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ പെന്‍സില്‍ എടുക്കാന്‍ മറന്നു എന്ന് അവന് ഓര്‍ത്തത്. അടുത്തിരുന്ന കുട്ടിയോട് രണ്ടു പെന്‍സിലില്‍ നിന്ന് ഒന്ന് തരുമോ എന്ന് ചോദിച്ചെങ്കിലും നീ വീട്ടില്‍ നിന്നു കൊണ്ടുവരണമായിരുന്നു എന്ന് പറഞ്ഞ് ആ കുട്ടി മുഖം തിരിച്ചു. പെന്‍സില്‍ കൊടുക്കാതിരുന്ന കുട്ടിയോട് അല്പം കഴിഞ്ഞപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: ഇന്നലെ പഠിപ്പിച്ച മൂന്ന് അക്കങ്ങള്‍ എഴുതൂ. അവന്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് എഴുതി. അപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: നീ പഠിക്കേണ്ട ഒന്നാമത്തെ കാര്യം കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്. നീ പഠിക്കേണ്ട രണ്ടാമത്തെ കാര്യം, കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്, നീ പഠിക്കേണ്ട മൂന്നാമത്തെ കാര്യം കൂട്ടുകാരന്‍ പെന്‍സില്‍ ചോദിച്ചാല്‍ കൊടുക്കുക എന്നതാണ്. അക്ഷരങ്ങളും അക്കങ്ങളും പകര്‍ത്താനറിയുന്നത് മാത്രമല്ല, പെരുമാറാന്‍ അറിയുന്നതുകൂടിയാണ് പഠനം. എല്ലാം കൃത്യമായി അറിയുമോ എന്നതല്ല, അറിയുന്നതില്‍ പാതിയെങ്കിലും ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ എന്നതാകണം പഠനത്തിന്റെ അടിസ്ഥാനലക്ഷ്യം. അറിവില്ലാത്തവര്‍ വരുത്തുന്ന അപകടങ്ങളിലൂടെയല്ല, അറിവുള്ളവരുടെ നെറികേടിലൂടെയാണ് ലോകം വികൃതമാകുന്നത്. ഉയര്‍ന്ന ബൗദ്ധികനിലവാരത്തില്‍ നാം എത്തിയോ എന്നത് മാത്രമല്ല, മറ്റുള്ളവരോട് ദയയോടെ പെരുമാറാന്‍ സാധിക്കുന്നുണ്ടോ എന്നതും നമുക്ക് വിലയിരുത്താം – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *