yt cover 44

യുഡിഎഫ് വിപുലീകരിക്കണമെന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. എല്‍ഡിഎഫിലെ പല ഘടകകക്ഷികളും അസംതൃപ്തരാണ്. യുഡിഎഫ് വിട്ടുപോയ ജോസ് കെ മാണിയേയും കൂട്ടരെയും തിരിച്ചു കൊണ്ടുവരണം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്ന ഊന്നലോടെ പ്രചാരണം വേണം. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണം. പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കണം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തില്‍ അഴിച്ചു പണി നടത്തണമെന്നും ചിന്തന്‍ ശിബിര്‍ നിര്‍ദേശിച്ചു.

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്നു സ്ഥാനമേല്‍ക്കും. രാവിലെ 10.10 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയാണു ദ്രൗപതി മുര്‍മു. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തും. ചടങ്ങ് നടക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നു രണ്ടു മണിക്കു ശേഷമേ സമ്മേളിക്കൂ. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗോത്രവര്‍ഗ്ഗ കലാസംഘങ്ങള്‍ കലാപരിപാടികളുമായി എത്തിയിട്ടുണ്ട്.

നിശ്ചയദാര്‍ഢ്യമുള്ള ജനതയാണ് ഇന്ത്യയുടെ സമ്പത്തെന്നും രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. ലോകത്തിനു മുന്നില്‍ നേട്ടങ്ങളുമായാണ് സ്വതന്ത്ര ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത്. അദ്ദേഹം പറഞ്ഞു.

ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 99.38 ശതമാനം വിജയം. മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനത്ത് രണ്ടു മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊന്ന കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്.

വിധവ വിവാദത്തില്‍ സിപിഎം നേതാവ് എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിനു ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ സ്പീക്കര്‍ തെറ്റാണെന്നു പറഞ്ഞ് നിയമസഭാരേഖകളില്‍നിന്നു നീക്കുകയും മണി ഖേദം പ്രകടിപ്പിച്ച് പിന്‍വലിക്കുകയും ചെയ്ത പരാമര്‍ശത്തെക്കുറിച്ചാണു കാനം ഇങ്ങനെ പ്രതികരിച്ചത്. കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കാനം പറഞ്ഞു.

കെപിസിസി പുതിയ റേഡിയോ ചാനല്‍ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനല്‍ തുടങ്ങുക. ഓഗസ്റ്റ് 15 നു റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്. ഇന്നു രാവിലെ പത്തിന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കളേക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് അപമാനമാണെന്ന് മുസ്ലീംലീഗ് ജില്ല അധ്യക്ഷന്‍ എ.എം. നസീര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെക്കുറിച്ചു കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി പറയണമെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് വഴി പൊലീസ് സംരക്ഷണത്തോടെ ഏതാനും സ്യൂട്ട്കേസുകള്‍ കോഴിക്കോട് മര്‍കസില്‍ എത്തിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

മണ്ണാര്‍ക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ സദാചാരാക്രമണത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കരിമ്പ സ്വദേശികളായ ഷമീര്‍, അക്ബര്‍ അലി, പനയമ്പാടം സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ, സദാചാരാക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ പിടികൂടി തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിനു കോടതി നിര്‍ദ്ദേശം നല്‍കി.

നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ജന്‍സീറിനെയാണ് പിടികൂടിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച് കടത്തിയ 1162 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍നിന്നു വന്ന മലപ്പുറം എടപ്പാള്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കാസര്‍കോട് ബന്തിയോട് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒളിക്യാമറ വച്ച ജീവനക്കാരന്‍ പിടിയില്‍. പതിനാറ് വയസുകാരിയുടെ പരാതിയില്‍ ബന്തിയോട് സ്വദേശി അഷ്റഫാണ് പോക്സോ വകുപ്പനുസരിച്ച് അറസ്റ്റിലായത്.

പത്തനംതിട്ട റാന്നി പാലത്തില്‍നിന്ന് ഒരു സ്ത്രീ പമ്പാനദിയിലേക്കു ചാടി. രാത്രി ഒമ്പതരയോടെയാണ് സംഭവം. ചാടിയ സ്ഥലത്തുനിന്നു കണ്ടെത്തിയ പേഴ്സില്‍ അടൂര്‍ മണക്കാല സ്വദേശി ജയലക്ഷ്മിയുടെ ആധാര്‍കാര്‍ഡു ലഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പലതവണ പീഡിപ്പിച്ച രണ്ടു കേസുകളില്‍ പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒന്‍പതും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്.

കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയെ കസ്റ്റഡിയിലെടുത്തു. അമ്മ മനോരോഗത്തിനു ചികിത്സ തേടുന്നയാളാണെന്ന് പൊലീസ്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന നാളെ രാജ്യവ്യാപക സത്യഗ്രഹം നടത്തുമെന്ന് കോണ്‍ഗ്രസ്. സത്യഗ്രഹം സമാധാനപരമായി നടത്തണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം. ഡല്‍ഹിയിലെ സത്യഗ്രഹത്തില്‍ എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങളുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.

മകള്‍ അനധികൃത ബാര്‍ നടത്തിപ്പുകാരിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്. പവന്‍ ഖേര, ജയ്റാം രമേശ്, നെട്ട ഡിസൂസ എന്നിവര്‍ക്കാണ് നോട്ടീസയച്ചത്.

റെയില്‍വേ മന്ത്രാലയം ചൈനീസ് കമ്പനിയില്‍നിന്ന് ട്രെയിന്‍ ചക്രങ്ങളും ആക്സിലുകളും വാങ്ങുന്നു. ഹോങ്കോംഗ് ആസ്ഥാനമായുള്ള ടി ഇസഡ് എന്ന സ്ഥാപനത്തിന് 500 കോടി രൂപയുടെ മൂന്നു കരാര്‍ നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മാലാ റോയിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്‍ഡിഗോ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനായ യാത്രക്കാരനു പ്രഥമ ശുശ്രൂഷ നല്‍കിയത് വിമാനത്തിലെ യാത്രക്കാരിയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍. ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജന്‍ സഹായത്തിനെത്തുകയായിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ പരിസ്ഥിതി ദിന പരിപാടിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ബാനര്‍ സ്ഥാപിച്ച് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന. നീക്കം ചെയ്താല്‍ അറസ്റ്റു ചെയ്യുമെന്ന ഭീഷണിയും. പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പരിസ്ഥിതി മന്ത്രിയും പരിപാടി ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലാണ് ഗവര്‍ണര്‍ ബാനര്‍ കെട്ടിച്ച് അലങ്കോലമാക്കിയത്.

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസിലേക്കു മാറ്റാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി വാസത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ബംഗാള്‍ സ്‌കൂള്‍ നിയമന അഴിമതികേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത അര്‍പിത മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയില്‍നിന്നും ചോദ്യങ്ങളില്‍നിന്നും ഒഴിയാനുള്ള തന്ത്രമാണെന്ന് ഇഡി വാദിക്കുന്നു. അതിനാല്‍ ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

ആര്‍എസ്എസിനെ പ്രതിരോധിക്കാനും മുസ്ലീങ്ങളെ സംരക്ഷിക്കാനുംവേണ്ടി രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് ആര്‍ജെഡി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ് സിങ്. ആര്‍എസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ സംഘടന രൂപീകരിച്ചതിനെ ദേശവിരുദ്ധരെന്നു വിളിക്കുന്നത് തെറ്റാണ്. സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റുചെയ്ത പാക് ഏജന്റുമാരില്‍ ഭൂരിഭാഗവും ആര്‍എസ്എസുകാരാണെന്നും അദ്ദേഹം പറഞ്ഞു.

വിമാന യാത്രക്കിടെ എയര്‍ ഹോസ്റ്റസിനെതിരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ലക്നൗവില്‍നിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാനായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്.

ബിഹാറില്‍ പടക്ക വ്യാപാരിയുടെ വീട്ടില്‍ വെടിക്കോപ്പുകള്‍ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഖുദായ് ബാഗ് ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഷാബിര്‍ ഹുസൈന്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ വീട് തകര്‍ന്നു.

ലഖ്നൗവിലെ ലുലുമാളില്‍ നമസ്‌കരിച്ച സംഭവത്തില്‍ ഒരാളെ കൂടി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദില്‍ ആണ് അറസ്റ്റിലായത്. കേസില്‍ അഞ്ചാമത്തെയാളാണ് അറസ്റ്റിലായത്.

രാജസ്ഥാനിലെ ഭരത്പൂരില്‍ അനധികൃത ഖനനത്തിനെതിരെ സമരം ചെയ്യുന്നതിനിടെ സ്വയം തീകൊളുത്തിയ സന്യാസി മരിച്ചു. വിജയ് ദാസ് എന്ന സന്യാസിയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പര നേട്ടവും. സെഞ്ചുറി നേടിയ ഷായ് ഹോപ്പിന്റെയും 74 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും പ്രകടനത്തില്‍ വിന്‍ഡീസ് നേടിയ 311 റണ്‍സ് ഇന്ത്യ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കി നില്‍ക്കേ അടിച്ചെടുത്തു. 35 പന്തില്‍ 64 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റേയും അര്‍ദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും സഞ്ജു സാംസണിന്റേയും മികവിലാണ് ഇന്ത്യക്ക് വിജയം നേടാനായത്.

മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിയോ ഏകദേശം 31.1 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. ട്രായ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എയര്‍ടെല്‍ 10.2 ലക്ഷം വരിക്കാരെ ചേര്‍ത്തു. ബിഎസ്എന്‍എല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും വന്‍ നഷ്ടമുണ്ടായി. 7.59 ലക്ഷം വരിക്കാര്‍ വോഡഫോണ്‍ ഐഡിയയും 5.31 ലക്ഷം വരിക്കാര്‍ ബിഎസ്എന്‍എല്ലിനെയും വിട്ടുപോയി. വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. ഏപ്രില്‍ അവസാനം 1,14.26 കോടിയായിരുന്നത് മേയ് അവസാനത്തോടെ 1,14.55 കോടിയായി മാറി. ടെലികോം വിപണിയുടെ 35.69 ശതമാനം ജിയോ നേടി. 31.62 ശതമാനം എയര്‍ടെല്ലും. വോഡഫോണ്‍ ഐഡിയയ്ക്ക് 22.56 ശതമാനം. ബിഎസ്എന്‍എല്‍ 7.98 ശതമാനം. റിലയന്‍സ് ജിയോയ്ക്ക് 41.46 കോടി വരിക്കാരും ഭാരതി എയര്‍ടെലിന് 21.7 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12.32 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ, 2.55 കോടി വരിക്കാരുള്ള ബിഎസ്എന്‍എല്‍, 20.9 ലക്ഷം വരിക്കാരുള്ള ആട്രിയ കണ്‍വെര്‍ജന്‍സ് എന്നിവരാണ് മേയ് മാസത്തിലെ വലിയ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളില്‍ ഉള്‍പ്പെട്ടവര്‍.

ജപ്പാനും ബ്രിട്ടനും നാണയപ്പെരുപ്പത്തിന്റെ (വിലക്കയറ്റം) കുതിപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പതറുന്നു. ബ്രിട്ടന്റെ നാണയപ്പെരുപ്പം ജൂണില്‍ 40 വര്‍ഷത്തെ ഉയരമായ 9.4 ശതമാനത്തിലെത്തി. മേയില്‍ 9.3 ശതമാനമായിരുന്നു. അതിനുമുമ്പത്തെ റെക്കാഡ് 1982 ഫെബ്രുവരിയിലെ 9.1 ശതമാനമാണ്. പെട്രോള്‍, ഭക്ഷ്യോത്പന്ന വിലവര്‍ദ്ധനയാണ് ബ്രിട്ടനെ വലയ്ക്കുന്നത്. നാണയപ്പെരുപ്പത്തിന്റെ മുന്നേറ്റത്തിന് പൂട്ടിടാന്‍ കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് വൈകാതെ മുഖ്യ പലിശനിരക്ക് 0.50 ശതമാനം കൂട്ടിയേക്കുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതിനകം ബാങ്ക് അഞ്ചുവട്ടം പലിശ കൂട്ടിക്കഴിഞ്ഞു. ജൂണില്‍ ജപ്പാന്റെ നാണയപ്പെരുപ്പം 2.2 ശതമാനമായാണ് വര്‍ദ്ധിച്ചത്. കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ജപ്പാന്‍ പ്രതീക്ഷിച്ച രണ്ടുശതമാനത്തെയും മറികടന്ന് വിലക്കയറ്റം കുതിച്ചു. മേയില്‍ 2.1 ശതമാനമായിരുന്നു.

മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി അമര്‍ദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ത്രില്ലര്‍ ”നിണം” എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ദുരൂഹതയും സസ്‌പെന്‍സും നിറച്ച ട്രെയ്‌ലര്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. സൂര്യ കൃഷ്ണയും കലാഭവന്‍ നന്ദനയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജന്‍, മനീഷ് മോഹനന്‍, രഞ്ജിത് ഗോപാല്‍, അജയ്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തനിക്ക് നേരെ പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആന്‍ഡ്രിയ ജെറമിയ, അമീര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇലക്ട്രിക് വെഹിക്കിള്‍ തങ്ങളുടെ ആദ്യ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഈ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കും. ലോഞ്ച് ടൈംലൈന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാന്‍ ഗുജറാത്തിലെ ഭുജ് തിരഞ്ഞെടുത്തതായി കമ്പനി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ലയുടെ മുഖ്യ എതിരാളിയാണ് ട്രൈറ്റണ്‍ ഇവി.

ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. നഞ്ചമ്മ ഒരു പ്രചോദനമാണ്. ആദിവാസികള്‍ക്ക് മാത്രമല്ല, ലോകത്തിനും. ‘നഞ്ചമ്മ എന്ന പാട്ടമ്മ’. വി എച്ച് ദിരാര്‍. ഗ്രീന്‍ ബുക്സ്. വില 126 രൂപ.

ഇലക്കറിയില്‍ ഏറ്റവും മികച്ചതാണ് പാലക്ക് ചീര. പാലക്ക് ചീര പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് നല്ല രീതിയില്‍ ജലാംശം നല്‍കുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമാണ്. ഇതില്‍ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ പിന്തുണയ്ക്കുന്ന ഇരുമ്പ് ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വിറ്റാമിന്‍ എ, സി, കെ1 എന്നിവയും അടങ്ങിയിട്ടുണ്ട്. പാലക്ക് ചീരയില്‍ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു. ചീരയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിലെ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ചീര സുരക്ഷിതമായി ചേര്‍ക്കാവുന്നതാണ്. പ്രമേഹമുള്ളവരില്‍ ഓക്‌സിഡേറ്റീവ് സ്ട്രെസും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മാറ്റങ്ങളും തടയുന്നു. വിറ്റാമിന്‍ കെ യുടെ കുറവ് അസ്ഥി ഒടിവിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ നല്‍കാന്‍ ചീരയ്ക്ക് കഴിയും.

ശുഭദിനം
കവിത കണ്ണന്‍
ചെന്നൈ നഗരത്തിലെ ഒരു പ്രളയകാലം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആളുകളുടെ ഹൃദയത്തെ തൊട്ട ഒരു അതിജീവനചിത്രമുണ്ടായിരുന്നു. തേഞ്ഞൊരഞ്ഞ് ഓട്ടയായി വള്ളിപൊട്ടിയ ചെരുപ്പില്‍ നനഞ്ഞൊട്ടിയിരിക്കുന്ന ഒരു കോഴിക്കുഞ്ഞിന്റെ ചിത്രം! വളളിപൊട്ടി ഉപേക്ഷിക്കപ്പെട്ട ഒരു ചെരുപ്പിന് പോലും ഒരു ജീവന്‍ രക്ഷിക്കാനായി… നമ്മുടെ ചുറ്റിലും ഇതുപോലെ മുന്‍വിധികള്‍ കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട ഒരുപാട് പേരുണ്ട്. ചില അധികപ്രസംഗികള്‍, കുരുത്തംകെട്ടവന്മാര്‍, തലതെറിച്ചവര്‍ അങ്ങനെ പലരും. പക്ഷേ, ഒരു ആപത്ത് സംഭവിക്കുമ്പോഴോ അപകടഘട്ടങ്ങളിലോ സ്വഭാവശുദ്ധികൊണ്ട് നമ്മള്‍ മാര്‍ക്കിട്ടവര്‍ പലരും നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ കടന്നുവരുന്നത് ആ അധികപ്രസംഗികളും, കുരുത്തംകെട്ടവുരും, തലതെറിച്ചവരോ ഒക്കെയായിരിക്കും.. നമ്മള്‍ കാണുന്നതോ കേള്‍ക്കുന്നതോ മാത്രമല്ല ശരി.. ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികള്‍ ഉണ്ടാകും. അവരുടെ ശരി ചിലപ്പോള്‍ നമുക്ക് തെറ്റായി തോന്നുന്നതായിരിക്കും.. ചേര്‍ത്ത് പിടിക്കലുകള്‍ ഒരു തിരിച്ചറിവാണ്.. നമുക്ക് മുന്‍വിധികള്‍ മാറ്റിനിര്‍ത്താം.. എല്ലാവരേയും ഹൃദയത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കാം – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *