സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ സംഭവിച്ചത് തെലുങ്കിലാണ്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ ആണ് ഇപ്പോള്‍ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളോടെയാവും ചിത്രം എത്തുക. നായകതാരം ആരെന്നത് പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നതെങ്കിലും നാഗാര്‍ജുനയാവും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയുടെ കരിയറിലെ 99-ാമത് ചിത്രമായിരിക്കും ഇത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട പ്രസന്ന കുമാറിന്റെ സംവിധാന അരങ്ങേറ്റവുമായിരിക്കും ചിത്രം. നാല് വര്‍ഷത്തെ ഇടവേളം ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയുമാണ് ടൈറ്റില്‍ റോളുകളില്‍ എത്തിയത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്.