പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഓരോ അക്രമസംഭവങ്ങളുടേയും നഷ്ടം തിട്ടപ്പെടുത്തി അറിയിക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും നവംബര്‍ ഏഴിന് സമര്‍പ്പിക്കണം. കീഴ്‌ക്കോടതികളിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം.
മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ മന്ത്രി സ്ഥാനം പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ താക്കീത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ ഭീഷണി. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയില്‍ 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറെ മന്ത്രി ആര്‍. ബിന്ദു വിമര്‍ശിച്ചിരുന്നു. കേരള സര്‍വകലാശാലയില്‍നിന്നു നീക്കം ചെയ്ത 15 സെനറ്റംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളേയും താത്കാലിക വൈസ് ചാന്‍സലറേയും നിയമിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.
കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 9308 വോട്ടര്‍മാരാണുള്ളത്. 68 ബൂത്തുകളിലായാണു വോട്ടെടുപ്പ്. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കര്‍ണാടകത്തിലും, ശശി തരൂര്‍ കേരളത്തിലും വോട്ട് ചെയ്തു. കേരളത്തില്‍ കെപിസിസി ആസ്ഥാനത്തു മാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ഹൈക്കോടതിയും ജില്ലാ കളക്ടറും നിരോധിച്ചെങ്കിലും ആയിരക്കണക്കിനു ജനം തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. കടലാക്രമണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ആവശ്യപ്പെട്ടാണു തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഉപരോധ സമരം. വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചെങ്കിലും ആറ്റിങ്ങല്‍, ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളില്‍ സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളാണു റോഡ് ഉപരോധിച്ചത്. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തി.
രണ്ടു മാസത്തിനകം മെഡിക്കല്‍ ക്യാമ്പ് പുനരാരംഭിക്കുമെന്നല്ലാതെ ഒരു ഉറപ്പും മന്ത്രിമാരില്‍നിന്നു ലഭിക്കാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി സെക്രട്ടേറിയറ്റില്‍ നടത്തുന്ന നിരാഹാര സമരം തുടരുമെന്നു ദയാബായിയും സമരസമിതിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആര്‍ ബിന്ദുവുമാണ് സമരക്കാരുമായി ചര്‍ച്ച നടത്തിത്. അവര്‍ എഴുതിക്കൊണ്ടുവന്ന വ്യവസ്ഥകള്‍ പൊള്ളയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മയ്ക്കുമായാണ് മത്സരത്തിനിറങ്ങിയതെന്നു ശശി തരൂര്‍. പ്രവര്‍ത്തകരുടെ ദിവസമാണ് ഇന്ന്. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനു ഗുണം ചെയ്‌തെന്ന് എഴുതി പ്രിയങ്ക ഗാന്ധി തനിക്കു സന്ദേശം അയച്ചെന്നും തരൂര്‍ അറിയിച്ചു.
ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവന്‍ എപി. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിനെ ട്രെയ്‌നിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. 46 വര്‍ഷം കോണ്‍ഗ്രസ് പാരമ്പര്യമുള്ള ട്രെയിനിയാണെന്ന് ശശി തരൂര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ബലാത്സംഗ കേസില്‍ ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി റെയില്‍വേ സ്റ്റേഷനിലൂടെ നടന്നുപോകുന്ന വീഡിയോ പുറത്ത്. ട്രോളിയും വലിച്ചു നടന്നു പോകുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച വിധി വരാനിരിക്കേയാണ് വീഡിയോ പ്രചരിക്കുന്നത്.
മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഗുരുതരമായ പകര്‍ച്ചവ്യാധി നേരിടാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകായുക്തയോടും ഈ മറുപടി തന്നെ പറയും. എല്ലാം ജനങ്ങള്‍ക്കറിയാമെന്നും ശൈലജ.
മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു നിയമവിദഗ്ധര്‍. മുഖ്യമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചാണ് മന്ത്രിയെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും. ഗവര്‍ണര്‍ക്ക് അധികാരമില്ല. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്ന് നിയമവിദഗ്ധര്‍.