പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പ് അവതരിപ്പിച്ച് ബജാജ്. എന്‍ട്രിലെവല്‍ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ എബിഎസ് സുരക്ഷ ഉറപ്പു നല്‍കിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയെത്തുന്ന വാഹനത്തിന് 72,224 രൂപയാണ് മുംബൈ എക്‌സ്‌ഷോറൂം വില. ഫീച്ചര്‍ അവതരിപ്പിച്ചതോടെ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ആദ്യ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിളായി വാഹനം മാറിയെന്നാണ് ബജാജിന്റെ അവകാശവാദം. ബജാജ് പ്ലാറ്റിന 110 എബിഎസില്‍ 115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 8.44 എച്ച്പി പരമാവധി കരുത്തും 9.81 എന്‍എം ഉയര്‍ന്ന ടോര്‍ക്കും വാഹനത്തിലുണ്ട്. എന്നിരുന്നാലും 4 സ്പീഡ് ഗിയര്‍ബോക്‌സ് മാത്രമാണ് ഇപ്പോഴും വാഹനത്തിനുള്ളത്. മുന്നില്‍ എബിഎസ് ആണെങ്കിലും പിന്നില്‍ കോംബി ബ്രേക്കിങ്ങാണ്. പുതിയ കളര്‍ സ്‌കീമുകളും വാഹനത്തിനുണ്ട്.