ക്രോസ്ഓവര്‍ എസ്യുവി കോംപാസിന്റെ പുതു തലമുറ മോഡലിനു മുകളില്‍ ജീപ്പ് പണി തുടങ്ങിയിട്ട് കുറച്ചു കാലമായിട്ടുണ്ട്. 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഡിസൈനും ഫീച്ചറുകളും പവര്‍ട്രെയിനും സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഐസിഇ, ഹൈബ്രിഡ്, ഇവി പവര്‍ട്രെയിനുകളില്‍ ജീപ്പിന്റെ പുതിയ കോംപാസ് എത്തുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗികമായി പുറത്തുവിടും മുമ്പാണ് 2026 ജീപ്പ് കോംപാസിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. നിലവിലെ ജീപ്പ് കോംപാസിനെ അപേക്ഷിച്ച് അകത്തും പുറത്തും മാറ്റങ്ങളോടെയാണ് 2026 മോഡലിന്റെ വരവ്. മുന്‍ഭാഗം കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. ബോക്സി എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമാണ് നല്‍കിയിട്ടുള്ളത്. കൂടുതല്‍ വലിയ എയര്‍ ഇന്‍ടേക്കുകളാണ് ബംപറിന്റെ താഴ്ഭാഗത്തായുള്ളത്. പിന്നില്‍ കണക്ടഡ് എല്‍ഇഡി ലൈറ്റുകളാണുള്ളത്. ഐസിഇക്കു പുറമേ ഹൈബ്രിഡ്, ഇലക്ട്രിക്ക് എന്നിങ്ങനെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പ്രതീക്ഷിക്കാം. ജീപ്പ് എസ്യുവി ആയതുകൊണ്ടുതന്നെ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ സ്വാഭാവികമായും ഉണ്ടാവും. 2026 ജീപ്പ് കോപാസിന്റെ ഇവിയില്‍ 97 കിലോവാട്ട് ബാറ്ററിയും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുമാവും ഉണ്ടാവുക.