നിര്‍മിത ബുദ്ധി മത്സരം ചൂടുപിടിച്ചതോടെ ഉപയോക്താക്കള്‍ വേഗത്തില്‍ ഒരു എ.ഐ ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. ജനുവരിയില്‍ ചൈനയുടെ ഡീപ് സീക്കിന്റെ എ.ഐ മോഡലുകള്‍ ചാറ്റ് ജിപിടി യെ നേരിട്ട് വെല്ലുവിളിച്ച് ഒറ്റരാത്രികൊണ്ട് വൈറലായി മാറി. ഗ്രോക്ക് 3 മോഡലിന്റെ ലോഞ്ചിനും തുടര്‍ന്നുള്ള ഗിബ്ലി സ്‌റ്റൈല്‍ ഇമേജ് ട്രെന്‍ഡിനും ശേഷം ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് ഗണ്യമായ പ്രചാരം നേടി. ഇപ്പോഴിതാ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എ.ഐ-പവര്‍ഡ് സെര്‍ച്ച് എഞ്ചിന്‍ പെര്‍പ്ലെക്‌സിറ്റി, ചാറ്റ്ജിപിടിയെ മറികടന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറിലെ ഒന്നാം നമ്പര്‍ സൗജന്യ ആപ്പായി. പെര്‍പ്ലെക്‌സിറ്റി എയര്‍ടെല്ലുമായി അടുത്തിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും 17,000 രൂപ വിലയുള്ള പെര്‍പ്ലെക്‌സിറ്റി പ്രോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ മികച്ച സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ഗൂഗ്‌ളിന്റെ ജെമിനി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഗൂഗ്ള്‍ പ്ലേ സ്റ്റോറിലെ ചാര്‍ട്ടുകളില്‍ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.