ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദ്രോഗമുള്ളവര്‍ ദിവസവും കഴിക്കേണ്ട ഭക്ഷണമാണ് നട്‌സ് എന്ന് പറയുന്നത്. പ്രോട്ടീന്‍, നാരുകള്‍, അപൂരിത കൊഴുപ്പുകള്‍, പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പന്നമാണ് നട്‌സ്. ധാരാളംആരോഗ്യ ഗുണങ്ങളുമായി നട്സ് ബന്ധപ്പെട്ടിരിക്കുന്നു. എല്‍ഡിഎല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാന്‍ കഴിയുന്ന ‘നല്ല’ കൊഴുപ്പുകള്‍ക്കൊപ്പം, മിക്ക പരിപ്പുകളിലും ഹൃദയാരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. വാള്‍നട്ട് ദിവസവും കഴിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിഷാദം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്നും ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ, വാള്‍നട്ട്സ് ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. കശുവണ്ടിയില്‍ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മാത്രമല്ല അവ ഇരുമ്പിന്റെ നല്ല ഉറവിടവുമാണ്. അവയില്‍ സിങ്കും അടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അഭിപ്രായപ്പെടുന്നു. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു നട്‌സ് പിസ്ത. പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍ ഇവ ധാരാളം അടങ്ങിയ പിസ്തയില്‍ കാലറി വളരെ കുറവാണ്. വൈറ്റമിന്‍ ബി6 ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ പിസ്തയിലുണ്ട്. ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശക്തിക്കും ഒപ്പം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.