സംസ്ഥാനത്ത് പവന്‍ വില 42,000 ത്തിലേക്ക് അടുക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വര്‍ധനവില്‍ സംസ്ഥാനത്തെ സ്വര്‍ണവില 720 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 41,760 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ചയും 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4315 രൂപയാണ്. 2020 ആഗസ്ത് ഏഴിനായിരുന്നു സ്വര്‍ണത്തിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്. ഗ്രാമിന് 5250 രൂപയും. ആ വിലക്ക് തൊട്ടടുത്താണ് ഇപ്പോള്‍ സ്വര്‍ണ നിരക്ക് എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. ഇതോടെ വിപണി വില 76 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.