ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘പത്തു തല’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പത്ത് തല. തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാതായ കേസ് അന്വേഷിക്കാന്‍ ശക്തിവേല്‍ എന്ന പൊലീസ് ഓഫീസര്‍ ചുമതലയേല്‍ക്കുകയാണ്. ആ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് അധോലോക നേതാവ് എ ജി രാവണനിലേക്കാണ്. വേഷം മാറി കേസന്വേഷണത്തിന് മുന്നിട്ടിറങ്ങുകയാണ് ശക്തിവേല്‍. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വേഷത്തില്‍ സന്തോഷ് പ്രതാപും ശക്തിവേല്‍ ആയി ഗൌതം കാര്‍ത്തിക്കും എത്തുമ്പോള്‍ എ ജി രാവണന്‍ ആയി എത്തുന്നത് ചിമ്പുവാണ്. ഗൌതം വസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരസന്‍, ടീജേ അരുണാചലം, അനു സിത്താര, മധു ഗുരുസ്വാമി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.