ആണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ പെണ്‍കുട്ടികളുള്ളവരെക്കാള്‍ വേഗത്തില്‍ പ്രായമാകാനും ഓര്‍മശക്തി കുറയാനും സാദ്ധ്യതയുണ്ടെന്ന് പഠനം. പ്രായമാകുന്തോറും അവരുടെ മസ്തിഷ്‌ക ശക്തി വളരെ വേഗത്തില്‍ കുറയുന്നതായി തെളിഞ്ഞു. സൈക്യാട്രിക് റിസര്‍ച്ച് ജേണല്‍ പ്രകാരം ഒന്നില്‍ കൂടുതല്‍ ആണ്‍മക്കളുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും പഠനത്തില്‍ പറയുന്നു. 50 വയസില്‍ കൂടുതല്‍ പ്രായമുള്ള 13,222 രക്ഷിതാക്കളില്‍ 18 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഗണിത പരിശോധനകളും ഓര്‍മ്മ പരീക്ഷിക്കുന്ന ടെസ്റ്റുകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ ഒരുപോലെ സ്‌കോറുകള്‍ നേടിയിരുന്നെങ്കിലും കാലക്രമേണ, കുട്ടികള്‍ വളരുന്നതിനനുസരിച്ച് ആണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ ഓര്‍മശക്തി കുറയുന്നതായി കണ്ടെത്തി. വിഷാദരോഗത്തിനെതിരെ പോരാടാനും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേഗത്തില്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാക്കി മറന്നുപോവുക, കാര്യമില്ലാതെ വിഷമിക്കുക, ഉത്കണ്ഠ, ദേഷ്യം, ഉറക്ക കുറവ്, അശ്രദ്ധ, വ്യക്തത ഇല്ലാത്ത സംസാരം, സ്വഭാവത്തില്‍ മാറ്റം എന്നിവയാണ് ഡിമെന്‍ഷ്യയുടെ ആദ്യഘട്ട ലക്ഷണങ്ങള്‍.