സിജു വില്‍സണെ നായകനാക്കി പി. ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ ട്രെയ്‌ലര്‍ പുറത്ത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖ നായിക കൃഷ്‌ണേന്ദു എ.മേനോന്‍ ആണ് ചിത്രത്തില്‍ സിജു വില്‍സന്റെ നായികയായെത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് വേണ്ടി ഷാന്‍ റഹ്മാന്‍ ആണ് സംഗീതമൊരുക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വയനാട്, ഗുണ്ടല്‍പ്പേട്ട്,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങീ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.