പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനെതിരായ അതിക്രമത്തിൽ കൂടുതൽ എസ് എഫ് ഐ പ്രവത്തകരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇന്നലെ അറസ്റ്റിലായ എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് അടക്കമുളളവരിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുളള വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങൾ കൂടി പരിശോധിച്ച് കൂടുതൽ പേരെ തിരിച്ചറിയാനാണ് ശ്രമം. മുപ്പതോളം വരുന്ന സംഘമാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ അതിക്രമത്തിൽ പങ്കെടുത്തതെന്നാണ് എഫ് ഐ ആർ. ഇവരിൽ എട്ടുപേരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.