തൃശ്ശൂർ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എറണാകുളം ആലുവ സ്വദേശിയായ പി. സുശീലാ ദേവി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദൃശ്യ മാദ്ധ്യമങ്ങളിൽ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട്
എറണാകുളം ഗവണ്മെന്റ്. മെഡിക്കൽ കോളേജ്, മെഡിക്കൽ സൂപ്രണ്ട് ഇൻ – ചാർജ്
ഡോ. എം. ഗണേശ് മോഹൻ നൽകുന്ന വിശദീകരണം.
സുശീലാ ദേവിയെ 2022 മാർച്ച് മാസം 31-ാം തീയതിയാണ് ശ്വാസകോശത്തിൽ സാരമായ അണുബാധ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്. അപ്പോൾ തന്നെ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച പി. സുശീലാദേവിക്ക് വിദഗ്ധ ഡോക്ടർമാർ സാധ്യമായ എല്ലാ ചികിത്സകളും നൽകിയെങ്കിലും 2022 ഏപ്രിൽ മാസം മൂന്നാം തിയതി മരണപെട്ടു.
സുശീലാ ദേവിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസിയുവിൽ അഡ്മിറ്റ് ആക്കി ഉടൻതന്നെ എടുത്ത എക്സ്-റേയിലും സി.റ്റി സ്കാനിലും എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ രോഗിയുടെ ആമാശയത്തിലേക്ക് ഭക്ഷണം നൽകാനായി ഇട്ട ട്യൂബ് ശ്വാസകോശത്തിലേക്ക് മാറി കിടക്കുന്നതായി കണ്ടെത്തിയിരുന്നു.
മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് പി. സുശീലാ ദേവിയുടെ ബന്ധു വിവിധ തലങ്ങളിൽ നൽകിയ പരാതിയിൽ നടന്ന അന്വേഷണങ്ങളിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്.
പ്രസ്തുത രോഗിയെ ചികിത്സിച്ച വിദഗ്ധ ഡോക്ടർമാരുടെ പട്ടികയിൽ ആ കാലയളവിൽ മെഡിസിൻ വിഭാഗത്തിൽ ഹൗസ് സർജൻസി ചെയ്തിരുന്ന ഡോക്ടറുടെ പേര് ബോധപൂർവ്വം ഉൾപ്പെടുത്തിയില്ല എന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഹൗസ് സർജൻസി കാലഘട്ടം മേൽനോട്ടത്തോടുകൂടിയുള്ള പരിശീലന കാലഘട്ടമാണ്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർമാർക്ക് താൽക്കാലിക രജിസ്ട്രേഷൻ മാത്രമാണുള്ളത്. ഹൗസ് സർജൻസി കാലഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ.
പ്രസ്തുത രോഗിയെ ചികിത്സിച്ചത് വിദഗ്ധ ഡോക്ടർമാർ ആയിരിക്കെ ചികിത്സിച്ച ഡോക്ടർമാരുടെ പട്ടിക നൽകുമ്പോൾ നേരിട്ട് രോഗിയുടെ ചികിത്സാ തീരുമാനങ്ങളിൽ നേരിട്ട് പങ്കില്ലാത്ത ഹൗസ് സർജൻസി കാലഘട്ടത്തിലുള്ള സ്ഥിര അംഗീകാരം ലഭിക്കാത്ത ഡോക്ടർമാരെ ചികിത്സ നൽകിയ ഡോക്ടർമാരായി കണക്കാക്കാൻ കഴിയുകയില്ല. എന്നതിനാലാണ് പട്ടികയിൽ പ്രസ്തുത ഡോക്ടറുടെ പേര് ഇല്ലാതിരുന്നത്.
ശ്വാസകോശത്തിൽ അണുബാധ ഉണ്ടാകുന്നതിന് ഹേതു വാണെന്ന് സംശയിക്കപ്പെടുന്ന, ആമാശയത്തിലേക്ക് ഇട്ട ട്യൂബ് ശ്വാസകോശത്തിലേക്ക് മാറിപ്പോയ സംഭവം, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന രോഗിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രോഗിയെ എത്തിക്കുന്നതിനു മുൻപേ സംഭവിച്ചതാണെന്നിരിക്കെ, വാർത്തയിൽ പ്രതിപാദിക്കുന്ന ഹൗസ് സർജൻ ഈ സ്ഥാപനത്തിലെ ഒരു ട്രെയിനിങ് ഡോക്ടർ ആണെന്ന വസ്തുതയും വ്യക്തമായി ഈ വാർത്തയുമായി ബന്ധപെട്ട് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിയ ഒരു ദൃശ്യ മാധ്യമത്തിലെ റിപ്പോർട്ടറോട് കൃത്യമായി പറഞ്ഞിട്ടും ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നൽകുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് വാർത്ത പ്രക്ഷേപണം ചെയ്യപ്പെട്ടത്. സൂപ്പർ സ്പെഷ്യാലിറ്റികളുൾപ്പടെ എല്ലാ വിഭാഗങ്ങളിലും നിരവധി വിദഗ്ധ ഡോക്ടർമാർ ചികിത്സ യ്ക്ക് നേതൃത്വം നൽകുന്ന എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത് ഹൗസ് സർജൻമാരാണ് എന്ന വാദത്തിലെ യുക്തിരാഹിത്യം തിരിച്ചറിയണം.
അത്യാസന്ന നിലയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്ന എല്ലാ രോഗികൾക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന ഒരു സ്ഥാപനമാണിത്. നൂറുകണക്കിന് രോഗികളാണ് അത്യാസന നിലയിൽ വന്ന് ചികിത്സ തേടി ഇവിടെ സുഖപ്പെടുന്നത്. കോവിഡ് കാലഘട്ടത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് നടത്തിയ സേവനങ്ങൾ പാടെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ശ്വാസ കോശത്തിൽ ഗുരുതരമായ അണു ബാധ ബാധിച്ച് അത്യാസന്ന നിലയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് എല്ലാ വിദഗ്ധ ചികിത്സ നൽകിയിട്ടും ഉണ്ടായ മരണം ദുഖകരമാണ്.
എന്നാൽ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിട്ടും ഇത്തരത്തിലുള്ള വാർത്തകളുമായി മുന്നോട്ടു പോകുന്നത് ദുഷ്ടലാക്കോട് കൂടിയാണ് എന്ന് പൊതുസമൂഹം മനസ്സിലാക്കണം.
ബോധപൂർവ്വമുള്ള ഈ വ്യാജവാർത്ത നിർമിതി അങ്ങേയറ്റം പ്രതിഷേധാർഹവും, അപലപനീയവും ആണെന്നും എറണാകുളം ഗവണ്മെന്റ്. മെഡിക്കൽ കോളേജ്, മെഡിക്കൽ സൂപ്രണ്ട് ഇൻ – ചാർജ്
ഡോ. എം. ഗണേശ് മോഹൻ അറിയിച്ചു.