പതിവായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്് കേള്‍വി നഷ്ടമാകുമെന്ന് പഠനം. അപകടകരമായ തീവ്രതയില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലോകത്തെ ഒരു ബില്യണ്‍ ആളുകള്‍ക്ക് കേള്‍വി ശക്തി പോകാന്‍ സാധ്യതയുണ്ടെന്നാണ് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, ഹെഡ്ഫോണ്‍, ഇയര്‍ബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കള്‍ക്കാണ് കേള്‍വി നഷ്ടപ്പെടാന്‍ ഏറ്റവും സാധ്യത കൂടുതല്‍. 12 വയസ് മുതല്‍ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും അപകടകരമായ തീവ്രതയിലാണ് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ‘സേഫ് ലിസനിംഗ് പോളിസി’ വിഭാവനം ചെയ്യണമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ലോകത്ത് 430 ദശലക്ഷത്തിലേറെ ആളുകള്‍ക്ക് കേള്‍വിക്കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2000-2021 കാലങ്ങളിലായി യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിന 19,000 ആളുകളിലായി നടത്തിയ പഠനം പ്രകാരം, 23% മുതിര്‍ന്നവരും അപകടകരമായ അളവിലുള്ള ശബ്ദം ശ്രവിക്കുന്നവരാണെന്നും 27% കുട്ടികളും ഇത്തരത്തില്‍ അപകടകരമായ തീവ്രതയിലുള്ള ശബ്ദം കേള്‍ക്കുന്നവരാണെന്നും പറയുന്നു. ഈ കണക്കുകളെല്ലാം ലോകത്ത് സുരക്ഷിതമായ അളവില്‍ ശബ്ദം കേള്‍ക്കുന്നതിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നതാണെന്നും ഇതിനാല്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും പഠനത്തില്‍ പറയുന്നു.