ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് നിരവധി വിവരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി ഫെയ്സ്ബുക്. കൃത്യമായി പറഞ്ഞാല്‍ എഫ്ബി ഉപയോക്താവിന്റെ പ്രൊഫൈലിലെ സെക്സ്വല്‍ പ്രിഫറന്‍സ്, മതപരമായ കാഴ്ചപ്പാടുകള്‍, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, വ്യക്തി വിലാസങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ ഫെയ്സ്ബുക് ഈ മാറ്റങ്ങള്‍ ഔദ്യോഗിമായി അറിയിച്ചിട്ടില്ല. എന്നാല്‍ ഇവ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവരയാണ് ഈ മാറ്റങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഫെയ്സ്ബുക് 2022 ഡിസംബര്‍ 1 മുതല്‍ പ്രൊഫൈലുകളില്‍ നിന്ന് മതപരമായ വീക്ഷണങ്ങളും മറ്റു ചില വിവരങ്ങളും നീക്കം ചെയ്യുന്നു’ എന്നാണ് നവര ട്വീറ്റ് ചെയ്തത്. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മതപരമായ വീക്ഷണങ്ങള്‍, രാഷ്ട്രീയ വീക്ഷണങ്ങള്‍, അവരുടെ സെക്ഷ്വല്പ്രിഫറന്സ് എന്നിവയെ കുറിച്ച് രേഖപ്പെടുത്താനുള്ള ഭാഗങ്ങള്‍ മുന്‍പ് ഫെയ്സ്ബുക്കില്‍ ഉണ്ടായിരുന്നു. ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ സൃഷ്ടിക്കുമ്പോള്‍ ഏറെ സമയമെടുത്താണ് ഇതെല്ലാം പൂരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഈ ഫീല്‍ഡുകള്‍ ഇനി പൂരിപ്പിക്കേണ്ടി വരില്ല, നിലവിലുള്ളതെല്ലാം നീക്കം ചെയ്യുകയും ചെയ്യും.
എഫ്ബി പ്രൊഫൈലില്‍ ഈ ഫീല്‍ഡുകള്‍ ഇനി പൂരിപ്പിക്കണ്ട!
