വരുണ്‍ തേജ്, മനുഷി ഛില്ലര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശക്തി പ്രതാപ് സിംഗ് ഹദ സംവിധാനം ചെയ്ത ചിത്രം ‘ഓപറേഷന്‍ വാലന്റൈന്‍’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. മാര്‍ച്ച് 1 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 22-ാം ദിവസമാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാവും. തെലുങ്ക്, തമിഴ് ഭാഷാ പതിപ്പുകളാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. വരുണ്‍ തേജിന്റെ ബോളിവുഡ് അരങ്ങേറ്റമെന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്ന ചിത്രത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2019 ലെ പുല്‍വാമ ഭീകരാക്രമണം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ നവ്ദീപ്, പരേഷ് പഹൂജ, രുഹാനി ശര്‍മ്മ, മീര്‍ സര്‍വാര്‍, ഷതഫ് ഫിഗര്‍, സംപത്ത് രാജ്, വൈഭവ് തത്വവാദി, അശ്വത് ഭട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ ശക്തി പ്രതാപ് സിംഗ് ഹദയ്‌ക്കൊപ്പം ആമിര്‍ നഹിദ് ഖാനും സിദ്ധാര്‍ഥ് രാജ്കുമാറും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.