സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്ലൈഡ് എഐ ടീമില്‍ നിയമിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിദഗ്ധനെത്തേടി നിര്‍മിതബുദ്ധി കമ്പനിയായ ഓപ്പണ്‍എഐ. പ്രതിമാസം 1,85,000 മുതല്‍ 2,05,000 ഡോളര്‍ വരെ (ഏകദേശം 1.7 കോടി മുതല്‍ 1.9 കോടി രൂപ വരെ) ശമ്പളവും ഓഹരികളുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുകയാണ് വിദഗ്ധന്‍ ചെയ്യേണ്ടത്. പരിശീലനം നേടുന്ന എഐ സംവിധാനങ്ങള്‍ തുടര്‍ന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ ചെയ്യുന്ന പ്രതിദിന ജോലികള്‍ ഏറ്റെടുക്കും. കമ്പനി – ഇന്‍ഡസ്ട്രി റിസര്‍ച്ച്, ഫിനാന്‍ഷ്യല്‍ അനാലിസിസ്, വാല്യുവേഷന്‍, ഡീല്‍ എക്സിക്യൂഷന്‍, ക്ലയിന്റ് പ്രസന്റേഷനുകള്‍ എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് പരിചയമുള്ള ആളെയാണ് ഓപ്പണ്‍എഐ തേടുന്നത്. എഐ സൃഷ്ടിക്കുന്ന ഔട്ട്പുട്ടുകള്‍ പരിശോധിക്കുക, എഐ നന്നായി പ്രവര്‍ത്തിക്കുന്ന മേഖലകള്‍ കണ്ടെത്തുക, ബാങ്കിങ് പ്രൊഫഷണലുകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ടൂളുകള്‍ നിര്‍മ്മിക്കാന്‍ കമ്പനിയുടെ ടീമുകളെ സഹായിക്കുക എന്നിവ വിദഗ്ധന്റെ ചുമതലകളില്‍പ്പെടുന്നു.
