‘ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.’ അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്‌നമായ യാത്ര. കഥ തുടങ്ങുന്നതിനോടൊപ്പം ഓരോ വായനക്കാരനും ആ ഉമ്മയുടെകൂടെയാണ്. തിരക്കഥയും സംവിധാനവും സ്വയം ഏറ്റെടുക്കുന്ന ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ കഥയുടെ വിശാലതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പ്രകൃതിയും മനുഷ്യനും ദൈവവും ഒരു താളഗതിയില്‍ ഒന്നിക്കുന്ന കാഴ്ച. മാജിക്കല്‍ റിയലിസത്തിന്റെ അബോധപൂര്‍വ്വമായ ഇടപെടല്‍ എഴുത്തില്‍ ഒളിച്ചിരിക്കുന്നു. മതവും രാഷ്ട്രീയവും കലാപവും വികസനവും ഓരോ മനുഷ്യനും മാംസങ്ങളെയും മനസ്സുകളെയും മാത്രമല്ല അവര്‍ ഉള്‍പ്പെടുന്ന പ്രകൃതിയെ തന്നെയും നശിപ്പിച്ചു കളയുന്നു. ആ കാഴ്ചകളിലേക്കാണ് ഉമ്മ നമ്മളെ കൈ പിടിച്ചു കൊണ്ടുപോകുന്നത്. ‘ഒന്നാം ക്ലാസ്സിലേക്കൊരു യാത്ര’. വി.കെ. കരീം. ഗ്രീന്‍ ബുക്‌സ്. വില 94 രൂപ.