ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ 1ന് ഗവർണർ ഒപ്പുവച്ച ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ചൂതാട്ടം നടത്തിയാൽ തടവുശിക്ഷവരെ ലാഭിക്കാം.
കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു എന്ന് റിപ്പോർട്ടുകൾ.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. വിഎസ് പൊതുവേദിയിൽ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോൾ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷവുമില്ല. കോടിയേരിയുടെ വേർപാട് അറിഞ്ഞ അച്യുതാനന്ദന്റെ കണ്ണുകൾ ഈറനണിഞ്ഞു എന്ന് മകൻ അരുൺകുമാർ ഫേസ്ബുക്കിൽ എഴുതിയിരുന്നു.
ഗവർണറും കേരള സർവകലാശാലയും തമ്മിലുള്ള മത്സരം കടുക്കുന്നു. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ അംഗങ്ങളെ പിൻവലിക്കണമെന്ന രാജ്ഭവന്റെ ഉത്തരവ് വിസി തള്ളിയിരുന്നു. എന്നാൽ പിൻവലിക്കപ്പെട്ട 15 പേരും ഗവർണ്ണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർ നീക്കങ്ങളുമായി ശശി തരൂർ. പാർട്ടിക്കകത്ത് മാറ്റങ്ങൾക്കുള്ള നീക്കം തുടരാൻ ശശി തരൂരിന്റെ നീക്കം. ഇത് സംബന്ധിച്ച് വിശ്വസ്തരുമായി തരൂർ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് തർക്കങ്ങളിൽ കടുത്ത നിലപാട് വേണ്ടെന്നും എന്നാൽ സംഘടന മാറ്റങ്ങൾക്കായി ശ്രമിക്കും എന്നും റിപ്പോർട്ടുകൾ .
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും .ആദ്യം യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനായിരുന്നു കേസ് . പിന്നീട് യുവതി നൽകിയ മൊഴിയിലാണ് ലൈംഗിക അതിക്രമത്തിനെതിരായ വകുപ്പ് കൂടി ചുമത്തിയത്. തുടർന്ന്, ജാമ്യ ഹർജിയിൽ വാദം പൂർത്തിയായതോടെ, എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു.