വണ്‍പ്ലസ് തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. വണ്‍പ്ലസ് ഓപ്പണ്‍ എന്നാണ് മോഡലിന്റെ പേര്. ഈ ഫോണ്‍ ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഭാരം കുറഞ്ഞതും സ്ലിം ഡിസൈന്‍ ആയിരിക്കുമെന്നും കമ്പനി പറയുന്നു. കൂടാതെ, ഫോണിന് സ്‌ക്രീനില്‍ വര പ്രകടമാവില്ലെന്നും ഫോണിന്റെ ക്യാമറ പ്രകടനവും മികച്ചതായിരിക്കുമെന്നും വണ്‍പ്ലസ് ഉറപ്പിച്ചുപറയുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വണ്‍ പ്ലസ് ഓപ്പണിന്റെ വില 1,699 ഡോളര്‍ (ഏകദേശം 1,41,490 രൂപ) ആയിരിക്കും. വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണില്‍ 7.8 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇതിന് 120ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കിനുള്ള പിന്തുണ ഉണ്ടായിരിക്കും. വണ്‍പ്ലസ് ഓപ്പണിന് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിംഗ് നല്‍കിയേക്കില്ല എന്ന് പറയപ്പെടുന്നു. 18 ജിബി വരെ റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോമിന്റെ മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്സെറ്റാണ് ഫോണില്‍ ഉള്‍പ്പെടുത്തുക. അലേര്‍ട്ട് സ്ലൈഡറും ഉണ്ടാകുമെന്നാണ് ഔദ്യോഗിക ടീസറുകള്‍ വ്യക്തമാക്കുന്നത്. വണ്‍പ്ലസും ഓപ്പോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വിടവില്ലാത്ത ഹിഞ്ച് ഡിസൈനിലാണ് ഫോള്‍ഡബിള്‍ ഫോണ്‍ വരുന്നതെന്ന് പറയപ്പെടുന്നു.