കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്നായ സാഷയ്ക്ക് അസുഖമെന്ന് റിപ്പോര്‍ട്ട്. കിഡ്നി രോഗമാണ് ഈ പെൺ ചീറ്റയ്ക്കെന്നാണ് റിപ്പോര്‍ട്ടുകൾ. ചീറ്റപ്പുലിയെ നിരീക്ഷിച്ച് വരികയാണെന്നും ഏറ്റവും മികച്ച ചികിത്സ നൽകുമെന്നുമാണ് കുനോ ദേശീയോദ്യാന അധികൃതര്‍ വിശദമാക്കിയത്.
സാഷയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് ചീറ്റപ്പുലികളില്‍ ഒന്നിന് ക്ഷീണവും തളര്‍ച്ചയും ഉണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചികിത്സയിൽ പുരോഗതിയുണ്ടെന്നാണ് സൂചന. ചികിത്സ തുടരുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ജെ എസ് ചൌഹാന് പറഞ്ഞു. ക്രിയാറ്റിന്‍ ലൈവലില്‍ മാറ്റമുണ്ട്. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17നാണ് സാഷയെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്. നേരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭം അലസിയിരുന്നു. മാനസിക സമ്മർദ്ദം മൂലമാണ് ഗർഭമലസിയതെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്.