വയനാട്ടിൽ ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പനച്ചിയില്‍ അജി മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന അജിയെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആന ആക്രമിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ രാത്രി മുതല്‍ കാട്ടാന പ്രദേശത്തുണ്ടായിരുന്നുവെന്നും ആക്രമണം നടന്നിട്ട് മണിക്കൂറുകളായിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു.