വീട്ടിലെ പഴയ സാധനങ്ങളെല്ലാം വയോധികരായ ദമ്പതികള്‍ ആക്രിവിലയ്ക്കു കൊടുത്തതാണ്. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു മാസ്ക് കഴിഞ്ഞ ദിവസം 36 കോടി രൂപയ്ക്കു ലേലത്തില്‍ വിറ്റുപോയി. സംഭവം വാര്‍ത്തയായപ്പോഴാണ് വൃദ്ധദമ്പതികള്‍ ഞെട്ടിയത്. ആക്രിയെന്നു കരുതി വിറ്റുകളഞ്ഞ മാസ്ക് ഇത്രയും അമൂല്യമായ ഒന്നാണോ. അവര്‍ കോടതിയില്‍ കേസു കൊടുത്തു. ആക്രിവിലയ്ക്കു വിറ്റ മാസ്കിനു ന്യായമായ വില വേണമെന്ന് ആവശ്യപ്പെട്ടാണു കേസ്. ഫ്രാന്‍സിലാണു സംഭവം. കോടതി കേസ് അടുത്ത മാസം പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. വൃദ്ധ ദമ്പതികള്‍ വിറ്റ മാസ്ക് നെജില്‍ എന്ന ഇനം മുഖംമൂടിയായിരുന്നു. മദ്ധ്യ ആഫ്രിക്കയിലെ ഫാങ് എന്ന അപൂര്‍വ്വ ആഫ്രിക്കന്‍ രഹസ്യ സമൂഹം തങ്ങളുടെ ആചാരങ്ങളിലും ശുദ്ധീകരണ ചടങ്ങുകളിലും ഉപയോഗിച്ചിരുന്നതാണ് ഈ മുഖംമൂടി. ആഫ്രിക്കയിലെ കൊളോണിയല്‍ ഗവര്‍ണറായിരുന്ന ഭര്‍ത്താവിന്റെ മുത്തച്ഛന് റെനെ- വിക്ടര്‍ ഫോര്‍നിയര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗാബോണില്‍ നിന്ന് കൊണ്ടുവന്നതാണ് ഈ മുഖംമൂടി. തലമുറ കൈമാറിയ ഈ മുഖംമൂടിയുടെ പ്രാധാന്യം ഈയിടെ അതു വിറ്റ വയോധികരായ ദമ്പതികള്‍ക്കു മനസിലായിരുന്നില്ല. 13,000 രൂപയാക്കാണ് മുഖംമൂടി അടക്കമുള്ള പഴയ സാധനങ്ങള്‍ അവര്‍ ഒരു പുരാവസ്തു വ്യാപാരിക്കു വിറ്റത്. പുരാവസ്തു വ്യാപാരി അതു പിന്നീടു ലേലത്തില്‍ വിറ്റതു മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് ആ മാസ്കിന്റെ പ്രാധാന്യം വയോധികരായ ദമ്പതികള്‍ക്കു മനസിലായത്. ഫെങ് ആചാര്യന്മാര് സമാനമായ 10 മാസ്കുകള്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് ‘ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗിനെക്കാള്‍ അപൂര്‍വമാണ്’ എന്ന് ഒരു വിദഗ്ദന് അഭിപ്രായപ്പെട്ടെന്നാണു ബിബിസി റിപ്പോര്‍ട്ടു ചെയ്തത്. പഴയതെല്ലാം വെറും ആക്രിയല്ലെന്നു സാരം.
ആക്രി മാസ്ക്, വില 36 കോടി
