ഒല ഇലക്ട്രിക് തങ്ങളുടെ നിരത്തിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഫ്രണ്ട് സസ്പെന്‍ഷന്‍ യൂണിറ്റ് മാര്‍ച്ച് 22 മുതല്‍ സൗജന്യമായി മാറ്റി നല്‍കുന്നതായി റിപ്പോര്‍ട്ട്. എസ്1, എസ്1 പ്രോ മോഡലുകളുടെ സസ്‌പെന്‍ഷനില്‍ മാത്രമേ മാറ്റമുണ്ടാകൂ. ഇതിനായി ഡീലര്‍മാര്‍ പ്രചാരണം നടത്തും. ആളുകള്‍ അവരുടെ അടുത്തുള്ള ഒല എക്‌സ്പീരിയന്‍സ് സെന്ററിലോ സേവന കേന്ദ്രത്തിലോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. പിന്നീട് വിവരം ലഭിക്കുന്നത് അനുസരിച്ച് വാഹനം ഇവിടെ എത്തിക്കാം. ഇതിനായി മാര്‍ച്ച് 22 മുതല്‍ അപ്പോയിന്റ്‌മെന്റ് വിന്‍ഡോകള്‍ തുറക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി സസ്പെന്‍ഷന്‍ സംബന്ധിച്ച് കമ്പനിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ അഴിച്ചുപണി. നിലവിലെ സിംഗിള്‍ സൈഡഡ് ഫ്രണ്ട് ഫോര്‍ക്ക് യൂണിറ്റിന് കുഴപ്പമൊന്നും ഇല്ലെന്നാണ് കമ്പനി പറയുന്നത്. പുതുക്കിയ സസ്‌പെന്‍ഷന്‍ യൂണിറ്റ് നന്നായി പരിശോധിച്ചു. സ്ഥിരതയും ശക്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കമ്പനി ഈയിടെ ഫ്രണ്ട് ഫോര്‍ക്ക് ഡിസൈന്‍ നവീകരിച്ചു.