മികച്ച വ്യാകരണ കൃത്യത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനം ഗൂഗിള്‍ അവരുടെ സെര്‍ച് എന്‍ജിനില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ സെര്‍ച്ച് ഹെല്‍പ്പ് സപ്പോര്‍ട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായം സ്വീകരിക്കാം. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകള്‍ക്കുള്ള പിന്തുണയും എത്തിയേക്കും. വ്യാകരണ പരിശോധന അല്ലെങ്കില്‍ Grammar Check എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ ഭാഷ വിശകലനം ചെയ്യാന്‍ ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ‘വ്യാകരണ പരിശോധനാ പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ വ്യാകരണപരമായി തെറ്റായ ഒരു പ്രസ്താവനയോ മറ്റോ സെര്‍ച് ബോക്‌സില്‍ നല്‍കിയാല്‍, അതിന്റെ തിരുത്തിയ പതിപ്പ് ഗൂഗിള്‍ സെര്‍ച് റിസല്‍ട്ടില്‍ പങ്കുവെക്കും. ഇനി അതില്‍ തെറ്റുകളൊന്നുമില്ലെങ്കില്‍ അടുത്തായി ഒരു പച്ച ചെക്ക്മാര്‍ക്ക് ദൃശ്യമാകും. ഗ്രാമര്‍ ചെക്ക് ചെയ്യാനായി നിങ്ങള്‍ എഴുതിയ വാക്യങ്ങളോ, പാരഗ്രാഫുകളോ കോപ്പി ചെയ്ത് ഗൂഗിള്‍ സെര്‍ച്ചില്‍ കൊണ്ടുപോയി പേസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന സെന്റന്‍സ് എഴുതുക. ശേഷം അതിനടുത്തായി ‘ grammar check’ എന്ന പ്രോംപ്റ്റ് ചേര്‍ക്കുക. തുടര്‍ന്ന് സെര്‍ച് ഐകണില്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ ശരിയായ പ്രയോഗം തിരയല്‍ ഫലത്തില്‍ ആദ്യം തന്നെ ദൃശ്യമാകും. നിങ്ങള്‍ തിരഞ്ഞ കാര്യത്തില്‍ എവിടെയാണ് വ്യാകരണ പിഴവുള്ളത്, ആ ഭാഗം അടിവരയിട്ട് കാണിച്ചുതരികയും ചെയ്യും.