ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വിരല്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഹാന്‍ഡ്സ് ഫ്രീ ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്. ഐഒഎസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പ്രകടനം വിലയിരുത്തിയ ശേഷം ഉടന്‍ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധം സേവനം വിപുലീകരിക്കാന്‍ വാട്സ്ആപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. 2.23.3.74 വേര്‍ഷനിലേക്ക് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഫോണില്‍ വിരല്‍ തൊടാതെ തന്നെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ വീഡിയോ ഷൂട്ട് ചെയ്യണമെങ്കില്‍ വീഡിയോ ഓപ്ഷനില്‍ ഹോള്‍ഡ് ചെയ്ത് പിടിക്കണം. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് ഇതിന്റെ ആവശ്യമില്ല. ഫ്രണ്ട് ക്യാമറയില്‍ നിന്ന് ബാക്ക് ക്യാമറയിലേക്കും തിരിച്ചും മാറുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.