ചാറ്റിനിടെ, ഇനി എന്തു പറയും എന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നവര്‍ക്ക് ചാറ്റ് അസിസ്റ്റന്റിനെ ഏര്‍പ്പാടാക്കി വാടസ്ആപ്. പ്രഫഷനലായി, പോളിഷ് ചെയ്ത വാക്കുകളാണ് ഉപയോഗിക്കേണ്ടതെങ്കില്‍ അങ്ങനെയും, സുഹൃത്തിനെ ചിരിപ്പിക്കാനുദ്ദേശിച്ചുള്ള തമാശയാണെങ്കില്‍ അങ്ങനെയും, അതുമല്ല സങ്കടപ്പെട്ടുനില്‍ക്കുന്ന ചങ്കിന് ആശ്വാസമാകാനുമെല്ലാം ഈ എ.ഐ അസിസ്റ്റന്റ് റെഡിയാണ്. ഓരോ സാഹചര്യത്തിനും വേണ്ട ഡയലോഗുകള്‍ നിമിഷാര്‍ധത്തില്‍ അതു തരും. ചാറ്റ് സ്‌ക്രീനില്‍ ഒരു പെന്‍സില്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടുമെന്നും ഇതില്‍ ടാപ് ചെയ്താല്‍ പിന്നെ ബാക്കി ചാറ്റ് എ.ഐ തുടരുമെന്നുമാണ് മെറ്റ അവകാശപ്പെടുന്നത്. നിലവില്‍ ഇംഗ്ലീഷില്‍ മാത്രവും അതും യു.എസില്‍ മാത്രവുമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റിടങ്ങളിലും മറ്റു ഭാഷകളിലും താമസിയാതെ വരുമെന്ന് കമ്പനി പറയുന്നുണ്ട്. അതേസമയം, എന്‍ഡ് ഡു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ ഉള്ളതെന്നും സ്വകാര്യതയുണ്ടെന്നും അവകാശപ്പെടുന്ന വാട്‌സ്ആപ്പിന്റെ ചാറ്റ് ബോക്‌സില്‍ നമുക്കുവേണ്ടി ബോട്ട് ചാറ്റ് ചെയ്യുമ്പോള്‍ കമ്പനി അവകാശപ്പെടുന്ന സ്വകാര്യത എവിടെയെത്തുമെന്നും ചോദ്യമുയരുന്നുണ്ട്.