രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. രാഹുൽ മാങ്കൂട്ടത്തില്‍ സൈക്കോ പാത്ത് ആണെന്നും നാട്ടുകാർക്ക് ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ സദസ്സിൽ ഒതുക്കുന്നത്, അല്ലായിരുന്നുവെങ്കിൽ പേപിടിച്ച സൈക്കോപാത്തിനെ ജനങ്ങൾ കല്ലെറിഞ്ഞ് ഓടിച്ചേനെ എന്നും ആര്‍ഷോ പറഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് സജി ചെറിയാൻ. സസ്പെൻഷൻ സണ്ണി ജോസഫിന്‍റെ കുശാഗ്ര ബുദ്ധിയാണെന്നും രാഹുൽ ബുദ്ധിമാൻ ആണെങ്കിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ കരുണാകരന്‍റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിൽ. രാഷ്ട്രീയ എതിരാളികൾക്കെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെ കൈകാര്യം ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചതിന്‍റെ ഭാഗമായാണ് രാജിക്കാര്യത്തിലെ വ്യത്യസ്താഭിപ്രായം എന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി രംഗത്ത്. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തതെന്നും ഇത് എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ബാധകമാണെന്നുമാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫി പറഞ്ഞത്.പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്തു.
രാഹുലിന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമെന്ന് ചെന്നിത്തല. ഉമ തോമസിനെതിരൊയ സൈബറാക്രമണത്തിൽ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
പാലക്കാട് കോൺഗ്രസിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാലക്കാടേക്ക് വന്ന് കയറിയവനും കൊണ്ടുവന്നവനും മുങ്ങിയെന്നാണ് വിമർശനം. ജയിപ്പിക്കാൻ മുന്നിൽ നിന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് എന്നാന്ന് കോൺഗ്രസിൽ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടാണ് പാലക്കാടിനെ പ്രതിസന്ധിയിലാക്കിയത്. കെ മുരളീധരനെ മത്സരിപ്പിച്ചെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് വിമർശനം.
വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. ഇതുമൂലം മറ്റ് ബ്രാൻഡുകളുടെ വില പൊതു വിപണിയിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.ഓണക്കാലത്ത് ഒരു മണി അരി പോലും അധികം കേന്ദ്രം നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപ ലഭിക്കും.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി പിണറായി വിജയൻ ‘പെരിയാർ’ വിജയൻ ആകുന്നതായി തമിഴിസൈ സൗന്ദർരാജൻ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിൻ പങ്കെടുക്കാറില്ല 35,000 ക്ഷേത്രങ്ങളിൽ ഒന്നിലും പോകാറില്ല പക്ഷെ കേരളത്തിൽ പോകാൻ ഒരുങ്ങുന്നു ഉദയനിധി സനാതനധർമത്തെ ഉന്മൂലനം ചെയാൻ നടക്കുകയാണ് പക്ഷെ വോട്ടിനായി ഇപ്പോൾ കേരളത്തിൽ പോകുന്നു എന്നും തമിഴിസൈ പറഞ്ഞു.
ഓണത്തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിൽ ബുധനാഴ്ച മുതൽ പത്താം തിയതി വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ട്രാഫിക് പൊലീസ്. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി സ്റ്റാൻ്റിൽ ബസുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള മറ്റു വാഹനങ്ങള്‍ അമ്പലമുക്ക് വഴി തിരിച്ചുവിടാനും തീരുമാനമായി. ഡികെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്. സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനിൽ നിന്ന് കത്ത് ചോർന്നു എന്നാണ് സംശയമെന്നും സംശയം മാത്രമാണ്, പാർട്ടി കോൺഗ്രസിന് ശേഷം മറ്റു നേതാക്കൾ എല്ലാം രാജേഷ് കൃഷ്ണയിൽ നിന്ന് അകൽച്ച സൂക്ഷിച്ചിരുന്നു. മാധ്യമങ്ങളിൽ താൻ പറയുന്നതിന്റെ ചില ഭാഗങ്ങൾ മാത്രം വരുന്നത് കൊണ്ടാണ് ഇന്ന് വാർത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.
അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
അമീബിക്ക് മസ്തിഷ്ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.ആഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും എന്നും മന്ത്രി അറിയിച്ചു.
ദില്ലി സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം കൈമാറി കേരള സ്പീക്കർ എ എൻ ഷംസീർ. ദില്ലി സ്പീക്കറുടെ മകളുടെ ഭർത്താവ് കേരളത്തിൽ നിന്നാണെന്നും കേരളവുമായി അത്തരത്തിൽ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും ദില്ലി സ്പീക്കർ പറഞ്ഞു.
പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ സംശയം. ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു.ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.
റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍.2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ , ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എന്റർപ്രൈസസ് സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട് ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ ഡ്രൈവർ സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. ഇതിന് പുറമെ, ഒരാഴ്ചത്തെ ഡ്രൈവർ പരിശീലനത്തിനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുരുവായൂരിലെ പൂജകള്‍ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിക്കുന്നത് കേരള ഹൈക്കോടതിയിലെ ഒരേ ബെഞ്ചാണെന്ന് സുപ്രീംകോടതി. ഉദയാസ്തമയ പൂജ, ഇല്ലം നിറ പൂജ എന്നിവ സംബന്ധിച്ച വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചുകളില്‍ ഒരേ ജഡ്ജി ഉണ്ടായിരുന്ന കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പാർട്ട് ടൈം സ്വീപ്പർ കക്കട്ട് സ്വദേശി രാജനെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഓഫിസിൽ എത്തിയതായിരുന്നു. ഉച്ചയ്ക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി .ക്ലീന്‍ചിറ്റ് തള്ളിയത്. റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അജിത് കുമാര്‍ നല്‍കിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയിൽ പറയുന്നു.2019ലാണ് യുവാവിനെ കാണാതായത്.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം. റീൽസ് ചിത്രീകരിക്കാനായി അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി.
മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ധാര്‍മിക നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2013 ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രയോജനകരമാകുന്ന വിധത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിച്ചുകീറിയ രാഹുല്‍ പുതിയ ബില്ലിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ഷാ ചോദിച്ചു. ഭരണഘടനാ പദവികളിലിരിക്കുന്ന ആര്‍ക്കെങ്കിലും ജയിലില്‍ നിന്ന് ഭരണം നടത്താന്‍ അനുവാദം നല്‍കുന്നത് ന്യായമാണോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത കന്നഡ നടൻ ദിനേഷ് മംഗളൂരു (63) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ കുന്ദാപുരയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈനികര്‍ ഭീകരരെ വധിച്ചത് അവരുടെ മതമേതെന്ന് നോക്കിയല്ല മറിച്ച് അവരുടെ ചെയ്തികള്‍ കണക്കിലെടുത്താണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മതമേതെന്ന് ചോദിച്ചശേഷമാണ് ഭീകരര്‍ നിരപരാധികളായ 26 പേരെ കൊന്നൊടുക്കിയതെന്ന് സൂചിപ്പിച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സിനു (എപി) വേണ്ടി ജോലി ചെയ്തിരുന്ന ഒരു സ്വതന്ത്രമാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരു ആശുപത്രിക്ക് നേരെ ഉണ്ടായആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.